കേരളം
വൈദികർക്ക് കർശന നിർദേശങ്ങളുമായി ഓർത്തഡോക്സ് സഭ
നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന്‍റെ ബിജെപി പ്രവേശനവും തുടർന്നുള്ള വിവാദങ്ങൾക്കും പിന്നാലെ വൈദികർക്ക് കർശന നിർദേശങ്ങളുമായി ഓർത്തഡോക്സ് സഭ.നേതൃത്വത്തിന്‍റെ അനുമതി വാങ്ങാതെ മാധ്യമങ്ങളിൽ വൈദികർ അഭിപ്രായം പറയരുതെന്നാണ് നിർദ്ദേശം.
വിഴുപ്പലക്കൽ സംസ്കാരം പൗരോഹിത്യത്തിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നാണ് വൈദിക ട്രസ്റ്റി വാട്സ്അപ് വഴി നൽകിയ നിർദ്ദേശത്തിൽ പറയുന്നത്. ഫാ. ഷൈജു കുര്യനെതിരെ പൊലീസിൽ എത്തിയ പരാതി അടക്കം വിവാദമായതോടെയാണ് നേതൃത്വത്തിന്‍റെ ഇടപെടൽ.
മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് വൈദികസ്ഥാനത്തുള്ളവർ അഭിപ്രായം പറയുന്നതിന് മുമ്പ് സഭാ നേതൃത്വത്തിൽ നിന്നോ ഭദ്രാസന അധ്യക്ഷന്‍റെയോ അനുമതി മുൻകൂട്ടി വാങ്ങുന്നത് അച്ചടക്കത്തിന്‍റെ ഭാഗമാണെന്നും അത് തുടരണമെന്നുമാണ് വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ ഇറക്കിയ വാട്സ് ആപ്പ് കുറിപ്പില്‍ പറയുന്നത്. മറ്റെതെങ്കിലും താല്പര്യങ്ങളുടെ പേരിൽ അനുമതിയില്ലാതെ മാധ്യമങ്ങളിൽ ചർച്ചക്ക് എത്തുന്നത് സഭയുടെ കെട്ടുറപ്പിനെയും അച്ചടക്കത്തേയും ബാധിക്കും. അതിനാൽ അത്തരം സമീപനങ്ങളിൽ നിന്ന് വൈദികർ പിൻമാറണം. വിഴുപ്പലക്കൽ സംസ്കാരം പൗരോഹിത്യത്തിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവരും സഭയിൽ നിന്നും നിർദ്ദേശിക്കുന്നവരും മാത്രം മാധ്യമങ്ങളിൽ ചർച്ചക്ക് പോകുന്ന മുൻകാല രീതി തുടരുന്നതാണ് ഏറ്റവും അഭികാമ്യം. എല്ലാവരും അതിൽ ശ്രദ്ധവെയ്ക്കും എന്നതാണ് പ്രതീക്ഷ. നിലവിൽ നടക്കുന്ന വിഷയങ്ങൾ സഭയുടെ ഉന്നതതലങ്ങളിൽ ഗൗരവമായി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉചിത നിർദ്ദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
ഭദ്രാസനം സെക്രട്ടറിയായിരിക്കെ ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നത് ഓർത്തഡോക്സ് സഭാ നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഫാ. ഷൈജുവിനെ അനുകൂലിച്ചും എതിർത്തും പല വാദങ്ങളാണ് ഉയരുന്നത്. ഇതിനിടെ സഭാ വിശ്വാസിയായ വീട്ടമ്മയോട് ഫാ. ഷൈജു കുര്യൻ ഫോണിലൂടെ ലൈംഗിക ചുവയോടെ പെരുമാറിയെന്നും അതിൽ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടാണ് മറ്റൊരു വൈദികനായ മാത്യൂസ് വാഴക്കുന്നം പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയത്. എന്നാൽ, തനിക്ക് അങ്ങനെയൊരു പരാതിയില്ലെന്ന് വീട്ടമ്മ അറിയിച്ചതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു. തന്‍റെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് ഇടത് അനുഭാവിയായ മാത്യൂസ് വാഴക്കുന്നം ഇങ്ങനൊരു പരാതി പൊലീസിൽ നൽകിയതെന്നും നേരത്തെയുള്ള ഗൂഢാലോചനയുടെ തുടർച്ചയാണിതെന്നുമാണ് ഷൈജു കുര്യന്‍റെ വാദം. രണ്ടുപേരും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിലും പോരടിച്ചിരുന്നു. പരസ്പരം വിഴുപ്പലക്കൽ പരസ്യമായതോടെയാണ് വൈദികർക്കുള്ള സഭാ നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്. ഫാ. ഷൈജുകുര്യന്‍റെ രാഷ്ട്രീയ പ്രവേശനത്തെ പരാമര്‍ശിക്കാതെയാണ് പരസ്പരമുള്ള പരസ്യ പോര് നിർത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ഷൈജു കുര്യനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് നിലയ്ക്കൽ ഭദ്രാസനത്തിലെ വിശ്വാസി കൂട്ടായ്മയുടെ തീരുമാനം.