കേരളം
ശബരിമല വരുമാനത്തില്‍ വർധന; 18.72 കോടിയുടെ വർധനയെന്ന് ദേവസ്വം ബോർഡ്
ശബരിമല വരുമാനത്തിൽ വർധനയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുത്തക ലേലത്തിന്റെ തുക കൂടി ചേർത്തപ്പോൾ വരുമാനത്തിൽ വർധനയുണ്ടായി. ഇത്തവണത്തെ വരുമാനം 241.71 കോടി രൂപയാണ്. 18.72 കോടിയുടെ വർധനയുണ്ടായെന്ന് ദേവസ്വം ബോർഡ് പി എസ് പ്രശാന്ത് വ്യക്തമാക്കി.അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി രൂപ) രൂപയും ലഭിച്ചു.
അവസാനം നടത്തിയ കുത്തക ലേലങ്ങളുടെ കണക്ക് കണക്കുകൾ കൂടി കൂട്ടുമ്പോൾ വരുമാനം വർദ്ധിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31,43,163 പേരാണു ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്‍റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബർ 25 വരെ 7,25,049 പേർക്കു സൗജന്യമായി ഭക്ഷണം നൽകി. പരിമിതികൾക്കിടയിലും വിവിധ വകുപ്പുകളുടെ മികച്ച സഹകരണത്തോടെ ശബരിമല തീർഥാടകർക്കു മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ ദേവസ്വം ബോർഡിനായി എന്നും പ്രസിഡന്‍റ് പറഞ്ഞു.