കേരളം
കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന; അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക
കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള – കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തും. രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കും. ആശങ്കയൊഴിയുംവരെ പരിശോധന ഉണ്ടാകുമെന്ന് കർണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അതേസമയം, ക്രിസ്മസിനും പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗത്തിലെ തീരുമാനം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന ചട്ടം തുടരും. കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കൂട്ടാനും തീരുമാനമുണ്ട്.
കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ജനുവരി പകുതിയോടെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും ഒന്നാം തീയതി മുതല്‍ സ്‌കൂളുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് തീരുമാനം. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, അസംബ്ലികളിലും യോഗങ്ങളിലും സാമൂഹികഅകലം പാലിക്കണം, ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ അകലം പാലിച്ചിരിക്കണം, സ്‌കൂളുകളില്‍ സാനിറ്റൈസേഷന്‍ സംവിധാനം ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.