ആരോഗ്യം
ഈ നാല് ഭക്ഷണങ്ങള്‍ വായിലെ ക്യാന്‍സര്‍ സാധ്യത കൂട്ടിയേക്കാം…
ഇന്ത്യയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ മൂന്നാമതാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ അര്‍ബുദം. സ്ഥിരമായി പുകവലിക്കുന്നതും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഓറല്‍ ക്യാന്‍സറിലേക്ക് നയിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പുകയിലയും മദ്യവുമാണ് വായിലെ ക്യാന്‍സറിന് 90% കാരണമെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വായ് വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടുമെന്നും പഠനങ്ങള്‍ പറയുന്നു.
അൾട്രാ-പ്രോസസ്ഡ് ഫുഡ്സ് നിങ്ങളുടെ കലോറി ഉപഭോഗം വർദ്ധിപ്പിക്കുക മാത്രമല്ല, വായിൽ അർബുദ സാധ്യത ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്നാണ് ഒരു ബ്രിട്ടീഷ് പഠനം പറയുന്നത്. ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയിലെയും ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) ലെയും ഗവേഷകരാണ് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെയും ക്യാന്‍സറിന്‍റെയും ബന്ധത്തെ കുറിച്ച് പഠനം നടത്തിയത്. ഒരു ദശാബ്ദത്തിലേറെയായി അരലക്ഷത്തോളം ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഗവേഷണത്തിൽ, അൾട്രാ-പ്രോസസ്ഡ് ഫുഡ് (യുപിഎഫ്) കഴിക്കുന്നവർക്ക് അന്നനാളം ഉൾപ്പെടെയുള്ള എയറോഡൈജസ്റ്റീവ് ലഘുലേഖയിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.
അത്തരത്തില്‍ വായയിലെ ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ചില അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
സോസേജുകൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചുവന്നതും സംസ്കരിച്ചതുമായ മാംസം അമിതമായി കഴിക്കുന്നത് 18% കുടൽ ക്യാൻസർ കേസുകൾക്ക് കാരണമാകുന്നു എന്നാണ് കാൻസർ കൗൺസിൽ NSW മുമ്പ് വ്യക്തമാക്കിയിട്ടുള്ളത്. അൾട്രാ-പ്രോസസ്ഡ് ഭക്ഷണമായതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് വായിലെ ക്യാന്‍സര്‍ സാധ്യതയും കൂട്ടിയേക്കാം.
രണ്ട്…
രാവിലെ കഴിക്കുന്ന സിറിയലുകളും അൾട്രാ-പ്രോസസ്ഡ് ഭക്ഷണമാണ്. ഉയർന്ന ഊഷ്മാവിൽ പാചകം ചെയ്യുമ്പോൾ ഇവയില്‍ രൂപം കൊള്ളുന്ന ഒരു രാസവസ്തുവാണ് അക്രിലമൈഡ്. ഇവ ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം എന്നാണ് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ പറയുന്നത്.
മൂന്ന്…
ബൺ, റെഡി ടു ഈറ്റ് ബർഗർ തുടങ്ങിയ ബ്രഡുകളാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യൻ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് നടത്തിയ പഠനത്തിൽ ഇത്തരം 38 ജനപ്രിയ ബ്രാൻഡുകളിൽ 84 ശതമാനവും ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ചേർത്തതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.
നാല്…
പഴങ്ങളുടെ ഫ്ലേവര്‍ അടങ്ങിയ യോഗര്‍ട്ടാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയുടെ അമിത ഉപയോഗവും ക്യാന്‍സര്‍ സാധ്യത കൂട്ടിയേക്കാം.