കേരളം
ഓണ്‍ലൈന്‍ സൈറ്റിലൂടെ കാര്‍ വാങ്ങാന്‍ ശ്രമം: യുവാവിന് 32,000 രൂപ നഷ്ടമായി
പ്രമുഖ ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ട കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവാവിന് 32,000 രൂപ നഷ്ടമായി. പെരുമ്പടന്ന സ്വദേശിയായ എബി പൗലോസാണ് തട്ടിപ്പിനിരയായതായത്.
ഓണ്‍ലൈന്‍ സൈറ്റില്‍ വില്പനയ്ക്ക് കണ്ട കാര്‍ വാങ്ങുന്നതിന് ഫോണിലൂടെ ബന്ധപ്പെട്ട എബിയോട് കാറിന്റെ ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്‌നടത്തിയത്.
തിരുവനന്തപുരം പാങ്ങോട് മിലിറ്ററി കാന്റീന്‍ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ അമിത്കുമാര്‍ ഹിന്ദിയിലായിരുന്നു സംസാരിച്ചത്. എബിക്ക് ഹിന്ദി അറിയാത്തതിനാല്‍ സമീപവാസിയുടെ സഹായത്തോടെ വിവരങ്ങള്‍ അറിഞ്ഞു.
വിശ്വസിപ്പിക്കാന്‍ ആര്‍മിയുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ലൈസന്‍സ് എന്നിവ അമിത് എബിയ്ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് വിഡിയോ കാള്‍ വിളിച്ചപ്പോള്‍ ക്യാമ്ബില്‍ ഇതിനെല്ലാം നിയന്ത്രണമുണ്ടെന്നു പറഞ്ഞു കൊണ്ട് മുഖം കാണിക്കാതെ സംസാരിച്ചു.
വാഹനം വാങ്ങാന്‍ തിരുവനന്തപുരത്ത് എത്താമെന്ന് അറിയിച്ചപ്പോള്‍ കോവിഡ് കാരണം ഇവിടെ ആരെയും കയറ്റില്ലെന്നായിരുന്നു മറുപടി.വാഹനം ആര്‍മിയുടെ പാഴ്‌സല്‍ വാഹനത്തില്‍ അയക്കാമെന്ന് അറിയിച്ചു.
ഇതിനുള്ള തുക ആദ്യം ഗൂഗിള്‍ പേയിലൂടെ വാങ്ങി. ആര്‍മി പാഴ്‌സലില്‍ അയച്ച വിവരങ്ങളുടെ രസീതും അയച്ചുകൊടുത്തു. കാര്‍ പറഞ്ഞ സമയത്ത് എത്താതായപ്പോള്‍ 50,000 രൂപ കൂടി അയക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതില്‍ സംശയം തോന്നിയാണ് കൂടുതല്‍ അനേഷണങ്ങള്‍ നടത്തിയത്. അപ്പോഴാണ് തട്ടിപ്പ് മനസിലായത്. വില്‍പനക്ക് കാണിച്ചിരുന്ന കാര്‍ കൊട്ടാരക്കര സ്വദേശിയുടേതാണ്. ഈ വിവരങ്ങളടക്കം പറവൂര്‍ പൊലീസില്‍ എബി പരാതി നല്‍കി.
തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച ഫോണും ബാങ്ക് അക്കൗണ്ടും ഉത്തരേന്ത്യയില്‍നിന്നാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.