ആരോഗ്യം
അമിതവണ്ണം കുറയ്ക്കാനുള്ള മരുന്ന് റെഡി; നുണയല്ല സംഗതി സത്യമാണ്…
അമിതവണ്ണമെന്നത് എത്രയോ പേരെ സംബന്ധിച്ച് വലിയ മാനസിക വിഷമം ഉണ്ടാക്കുന്ന അവസ്ഥയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങളേതുമില്ലെങ്കില്‍ അല്‍പം വണ്ണം ഉണ്ട് എന്നതില്‍ പ്രശ്നങ്ങളൊന്നും തന്നെ ഇല്ല. എന്നാല്‍ പൊതുവില്‍ നിലനില്‍ക്കുന്ന സൗന്ദര്യസങ്കല്‍പങ്ങളില്‍ വണ്ണമുള്ളവര്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. പലപ്പോഴും അമിതവണ്ണത്തിന്‍റെ പേരില്‍ അപമാനിക്കപ്പെടുകയോ പിന്തള്ളപ്പെടുകയോ മാറ്റിനിര്‍ത്തപ്പെടുകയോ എല്ലാം ചെയ്യുന്നത് പലരും നിത്യജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളാണ്.
പ്രായത്തിനും ഉയരത്തിനും ആരോഗ്യവസ്ഥയ്ക്കും ചേരും വിധത്തിലല്ല വണ്ണമെങ്കില്‍ അത് പലവിധത്തിലുള്ള പ്രയാസങ്ങളിലേക്കും വ്യക്തിയെ നയിക്കാം. പക്ഷേ അതിനെക്കാളെല്ലാം ഏറെ പേരെയും അലട്ടുന്നത് മറ്റുള്ളവരുടെ പരിഹാസവും കുത്തുവാക്കുകളുമെല്ലാമായിരിക്കും.
എന്തായാലും ഇപ്പോഴിതാ ഇവര്‍ക്കെല്ലാം കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നൊരു വാര്‍ത്തയാണ് പങ്കുവയ്ക്കാനുള്ളത്. എന്തെന്നാല്‍ അമിതവണ്ണം കുറയ്ക്കാനിതാ ഒരു മരുന്ന് എത്തുകയാണ്. എന്ന് പറയുമ്പോള്‍ ഇതാ നാളെ തന്നെ മരുന്ന് സ്റ്റോറില്‍ പോയി സംഗതി വാങ്ങി കഴിക്കാമെന്ന് പ്രതീക്ഷിക്കല്ലേ. സംഭവം ഒരു തുടക്കത്തിലായിട്ടേയുള്ളൂ. എങ്കിലും നമുക്ക് പ്രതീക്ഷയ്ക്ക് വകയായെന്ന് പറയാം.
അമേരിക്കയിലാണ് ഈ മരുന്നിന് നിലവില്‍ അനുമതി ലഭിച്ചിട്ടുള്ളത്. മരുന്ന് കമ്പനിയായ ‘ഏലി ലില്ലി’യാണ് ‘സെപ്‍ബൗണ്ട്’ എന്ന മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതൊരു ഇൻജക്ഷൻ ഫോമിലാണ് ഉപയോഗിക്കുക.
വര്‍ഷങ്ങളായി വണ്ണം കുറയാതെ ഇതുമൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്കുള്ള ചികിത്സയ്ക്കായാണ് മരുന്ന് ഉപയോഗിക്കുക. വണ്ണം കൂടുതലുള്ളതിനാല്‍ ബിപി, പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ അലട്ടുന്നവരുടെ ചികിത്സയ്ക്കാണ് പ്രധാനമായും മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മരുന്ന് അമേരിക്കയില്‍ വിപണിയിലെത്തുമെന്നാണ് അറിവ്. എന്നാലിത് യഥേഷ്ടം ആര്‍ക്കും വാങ്ങി ഉപയോഗിക്കാമെന്ന അവസ്ഥയില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ‘സ്ട്രിക്ട്’ ആയി ഉപയോഗിക്കുന്നതാണിത്. എങ്കിലും ഭാവിയില്‍ വണ്ണം കുറയ്ക്കുന്നതിന് സഹായകമായ, കുറെക്കൂടി വ്യാപകമായി ഉപയോഗിക്കാവുന്ന – സുരക്ഷിതമായ മരുന്നുകള്‍ വരാമെന്നതിന്‍റെ സൂചനയാണ് ഈ വാര്‍ത്ത ഉറപ്പിക്കുന്നത്.
അതേസമയം ഈ മരുന്നിന് പലവിധത്തിലുള്ള സൈഡ് എഫക്ടുകളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓക്കാനം, മലബന്ധം, വയറുവേദന- വയറ്റില്‍ തുടര്‍ച്ചയായ അസ്വസ്ഥത, ഗ്യാസ്ട്രബിള്‍, തളര്‍ച്ച, മുടി കൊഴിച്ചില്‍. അസിഡിറ്റി എന്നിവയടക്കം പല പ്രശ്നങ്ങളും മരുന്നുണ്ടാക്കുമെന്നാണ് അറിവ്.