കേരളം
‘ഔദ്യോഗിക ബഹുമതി വേണ്ട; സംസ്‌കാരം ഉമ്മന്‍ചാണ്ടിയുടെ അന്ത്യാഭിലാഷ പ്രകാരം’; കുടുംബം ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍സ്ര് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന് കുടുംബം. മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതി ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു.
പിതാവിന്റെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മനും പറഞ്ഞു. പിതാവിന്റെ അന്ത്യാഭിലാഷം പോലെ മതി സംസ്‌കാര ചടങ്ങുകളെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയം
മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിനു പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഉമ്മന്‍ ചാണ്ടി കേരളത്തിനു നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെഎസ്‌യു വിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ട്ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യപ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.
ജനക്ഷേമത്തിലും, സംസ്ഥാനവികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലയ്ക്കും ജനകീയപ്രശ്നങ്ങള്‍ സമര്‍ത്ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃതലത്തിലെ പ്രമുഖന്‍ എന്ന നിലയ്ക്കുമൊക്കെ ശ്രദ്ധേയനായി. 1970-ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. 53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എംഎല്‍എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തിരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റിക്കോര്‍ഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനവും സ്മരണീയമാണ്.