സാമ്പത്തികം
300ഉം കടന്ന് ഇഞ്ചി വില; സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം
ഇഞ്ചി വില ട്രിപ്പിൾ സെഞ്ചറി പിന്നിട്ടു മുന്നോട്ടു കുതിക്കുമ്പോൾ ഉള്ളി വില 190ൽ. തക്കാളി വില വീണ്ടും ഉയർന്ന് 140 വരെ എത്തി. ഇഞ്ചി വിലയിലെ കയറ്റത്തിൽ ഒരിറക്കം ഉണ്ടായെങ്കിലും പിന്നീട് വലിയ കുതിപ്പാണ് ദൃശ്യമാകുന്നത്. മൊത്തവ്യാപാര വില 270 രൂപയാണെങ്കിലും ചില്ലറവിൽപനശാലകളിൽ പല വിലയാണ്. 300 മുതൽ 340 രൂപ വരെ ഈടാക്കുന്നുണ്ട്.
രണ്ടാഴ്ച മുൻപ് മൊത്തവില 63 രൂപയായിരുന്ന ഉള്ളി ദിവസങ്ങൾക്കുള്ളിൽ 200ന് അടുത്തെത്തി. 160 മുതൽ 190 രൂപ വരെ ഈടാക്കുന്നവരുണ്ട്. ജൂണിൽ 40 രൂപ വരെ വില താഴ്ന്നിരുന്നു. വെളുത്തുള്ളി വിലയും രണ്ടാഴ്ചയ്ക്കുള്ളിൽ 150ൽ എത്തി. സവാള വിലയിലും നേരിയ വർധനയുണ്ട്. മൊത്ത വ്യാപാര വില 25–30 രൂപ. മഴയും ഉൽപാദനക്കുറവുമാണു വില കുതിച്ചുയരാൻ കാരണം. ഡിമാൻഡ് അനുസരിച്ച് ഇഞ്ചി കിട്ടാനില്ലാത്തതിനാൽ 3 മാസമായി ഇഞ്ചിവില ഉയരുകയാണ്. 95% ഇഞ്ചിയും മാർച്ച്, ഏപ്രിൽ മാസത്തോടെ വിളവെടുത്തിരുന്നു. ഈ വർഷം നട്ട ഇഞ്ചി വിളവെടുപ്പിനു പാകമാകുന്നത് ഡിസംബറിലാണ്. അതുവരെ വില ഉയർന്നുകൊണ്ടിരിക്കും.
തമിഴ്നാട്, കർണാടക ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഉള്ളി എത്തുന്നത്. തമിഴ്നാട്ടിലെ മൊത്തവിതരണ മാർക്കറ്റിൽ ഉള്ളി ലഭ്യതയിൽ 50% ഇടിവുണ്ടായെന്നു വ്യാപാരികൾ പറഞ്ഞു. വിളവെടുപ്പ് സമയമാണെങ്കിലും മഴയിൽ ഉള്ളി നശിച്ചു പോകുന്നതു ലഭ്യത കുറയ്ക്കുന്നുണ്ട്. പൂഴ്ത്തിവയ്പ്പിലൂടെ വില കൂട്ടുന്നെന്ന ആക്ഷപവുമുണ്ട്. ബീഫിനും പലയിടത്തും വില കൂടി. കൊച്ചി നഗരത്തിൽ കിലോഗ്രാമിന് 360 ആയിരുന്ന വില 380 ആയി ഉയർന്നു. നഗരത്തിന് പുറത്ത് 400 രൂപ വരെ വാങ്ങുന്ന സ്ഥലങ്ങളുണ്ട്.