കേരളം
കൊച്ചി കോർപ്പറേഷനിലെ ലീഗ് വിമതൻ യുഡിഎഫിൽ; മാലിന്യ നിർമാർജനത്തിൽ കോർപ്പറേഷൻ പരാജയമെന്ന് ആരോപണം
മാലിന്യ നിർമാർജനത്തിൽ കൊച്ചി കോർപ്പറേഷൻ പൂർണ പരാജയമാണെന്ന് ആരോപിച്ച് കൊച്ചി കോർപ്പറേഷനിലെ ലീഗ് വിമതൻ യുഡിഎഫിൽ ചേർന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷറഫാണ് യുഡിഎഫ് പാളയത്തിലെത്തിയത്. ഇടത്പക്ഷവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്നും ഇനി യുഡിഎഫിനൊപ്പം നിൽക്കുമെന്നും ടി കെ അഷറഫ് വ്യക്തമാക്കി.
ബ്രഹമപുരം മാലിന്യ പ്ലാന്റ് വിഷയത്തിൽ ഉൾപ്പടെ മേയർ ഏകപക്ഷീയമായി തീരുമാനം എടുത്തന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്നും അഷറഫ് കൂട്ടിച്ചേർത്തു. ലീഗ് നേതാവായിരുന്ന അഷ്‌റഫ് വിമതനായാണ് മത്സരിച്ചു ജയിച്ചത്.
ടി.കെ അഷ്‌റഫ് എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന ലീഗ് നേതാവാണ്. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് വിമതനായി മത്സരിച്ചതും വിജയിച്ചതും. പിന്നീട് ഇടതു പക്ഷത്തോടൊപ്പം ചേരുകയായിരുന്നു അദ്ദേഹം. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായ അഷറഫിനെ പിന്നീട് ലീഗ് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.