കേരളം
മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിൽ തമിഴ്നാടിനെ എതിർപ്പറിയിച്ച് കേരളം
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതുവരെ തമിഴ്നാട് ഒൻപത് ഷട്ടറുകൾ തുറന്നിട്ടുണ്ട്. 1.60 ലക്ഷം ലിറ്റർ വെള്ളമാണ് സെക്കൻഡിൽ മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കി വിടുന്നത്. രാത്രിയിൽ ഷട്ടർ തുറക്കുന്നതിലെ ബുദ്ധിമുട്ട് തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ കൂടുതൽ വെള്ളം ഒഴുക്കികളയണം. നിലവിൽ അടിയന്തര സാഹചര്യം നേരിടാൻ ആർഡിഒ, പീരുമേട് ഡിവൈെസ്പി, ഫയർഫോഴ്സ് എന്നി സംവിധാനങ്ങൾ തയ്യാറാണ്.
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലേക്ക് ഇന്നലെ രാത്രിയോടെയാണ് എത്തിയത്. ജലനിരപ്പ് കുറക്കാൻ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് വൻ തോതിൽ വെള്ളം തുറന്നു വിട്ടിരുന്നു. ഇതേ തുടർന്ന് പെരിയാർ നദിയിൽ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയർന്നു. പെരിയാർ തീരത്തെ മഞ്ചുമല ആറ്റോരം ഭാഗത്ത് അഞ്ചു വീടുകളിൽ വെള്ളം കയറി.
നീരൊഴുക്ക് കുറഞ്ഞതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവിൽ തമിഴ്നാട് കുറവ് വരുത്തി തുടങ്ങി. മുല്ലപ്പെരിയാർ തുറന്നെങ്കിലും ഇടുക്കി ഡാം നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അറിയിച്ചു. മുല്ലപ്പെരിയാറിൽ നിന്നുള്ള അധികജലം ഇടുക്കി ഡാമിലെ ജലനിരപ്പ് കാര്യമായി ഉയർത്തില്ലെന്നാണ് കണക്ക്. ഇപ്പോൾ തുറന്നിരിക്കുന്ന വെള്ളം എത്തിയാലും അത് ഓറഞ്ച് അലേർട്ട് ലെവലിലേക്ക് പോലും എത്തില്ല. മഴ വിട്ടുനിൽക്കന്നത് ആശ്വാസം നൽകുന്ന കാര്യമാണെന്നും കെഎസ്ഇബി അറിയിച്ചു. 2400.44 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.
അതേസമയം മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലാണെന്ന് എം.എം.മണി എംഎൽഎ പറഞ്ഞു. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ച ഡാമിന്റെ അകം കാലിയാണ്. അതിൽ സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല, അപകടാവസ്ഥയിലാണോന്ന് അറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്വമാണ്. വണ്ടിപ്പെരിയാറിന് മുകളിൽ ജലബോംബായി മുല്ലപ്പെരിയാർ നിൽക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുള്ളവർ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാർ വെള്ളം കുടിയ്ക്കാതെയും മരിക്കും.
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മണി ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താൽ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നും പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ ജനങ്ങളും മുല്ലപ്പെരിയാർ വിഷയത്തിൽ വലിയ പ്രക്ഷോഭം സംഘടിപ്പിയ്ക്കണമെന്നും എംഎം മണി പറഞ്ഞു.
നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിയ്ക്കുകയായിരുന്നു അദേഹം. മുല്ലപ്പെരിയാർ വിഷയത്തിൽ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണം നടന്നപ്പോൾ മുല്ലപ്പെരിയാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മണിയുടെ പ്രസ്താവന.