കേരളം
കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുന മർദ്ദം നിലനിൽക്കുന്നതിനാൽ തെക്കൻ കർണാടകത്തിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇന്നലേയും സംസ്ഥാനത്ത് പലയിടങ്ങളിലും മഴ പെയ്തിരുന്നു. പമ്പ-ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമല തീർത്ഥാടനവും നിർത്തിവച്ചിരുന്നു. അതേസമയം, മഴ മാറിയതോടെ ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. ശബരിമല വനത്തിനുള്ളിലും കിഴക്കൻ മലയോര മേഖലയിലും നിർത്താതെ പെയ്തതോടെയാണ് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
കക്കി ആനത്തോട്, മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകകൾ ഉയർത്തിയതോടെ പമ്പ ത്രിവേണിയിൽ ക്രമാധീതമായി ജലനിരപ്പ് ഉയർന്നതാണ് ആശങ്കയുണ്ടാക്കിയത്. ഇന്നലെ രാത്രിയിലും പുലർച്ചയുമായി മുൻകുട്ടി ബുക്ക് ചെയ്ത ശബരിമലയിലേക്ക് എത്തിയ ഭക്തരെ നിലയ്ക്കൽ നിന്നും പമ്പയിലേക്ക് കടത്തിവിട്ടില്ല. അയ്യായിരത്തോളം തീർത്ഥാടകരാണ് നിലയ്ക്കലിൽ ക്യാമ്പ് ചെയ്തത്.
രാവിലെ കാലാവസ്ഥ അനുകൂലമായതോടെ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരും ശബരിമല എഡിഎം അർജുൻപാണ്ഡ്യനും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നീയന്ത്രണങ്ങൾ നീക്കിയത്. രാവിലെ ഒമ്പത് മണി മുതലാണ് പമ്പയിലെത്തിയ തീർത്ഥാടകരെ സന്നിധാനത്തക്ക് കയറ്റി വിട്ടത്. നിലയ്ക്കൽ നിന്നും സന്നിധാനത്തേക്ക് ഘട്ടം ഘട്ടമായാണ് ഭക്തരെ കയറ്റി വിടുന്നത്.
ഇന്നലെ രാത്രിയിൽ പാമ്പയിൽ എത്തിയ 250 ഓളം ആളുകളെ നിയന്ത്രണം നീക്കുന്നതിന് മുൻപ് ദർശനത്തിന് അനുമതി നൽകിയിരുന്നു പമ്പയിൽ മുമ്പ് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നിലനിൽക്കും. എരുമേലി പത്തനംതിട്ട ചെങ്ങന്നൂർ എന്നിവിടങ്ങളിലും തങ്ങായ തീർത്ഥാടകരേയും നിലയ്ക്കലക്ക് വിട്ടു. തീർത്ഥാടകര നിയന്ത്രിച്ച് കടത്തി വിടുന്നതിൽ വെർച്ച്വൽ ക്യൂവിലെ സമയത്തിനും മാറ്റമുണ്ട്.