കേരളം
വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് കോഴവാങ്ങല്‍; ആറു മാസത്തിനിടെ പിടിയിലായത് ഉദ്യോഗസ്ഥര്‍
സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള കോഴവാങ്ങല്‍ കേസില്‍ കുടുങ്ങിയത് വില്ലേജ് ഓഫീസര്‍ അടക്കം ഏഴു ജീവനക്കാരാണ്. പാവപ്പെട്ടവരായാലും പണക്കാരായാലും ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും വില്ലേജ് ഓഫീസിലുള്ളവര്‍ കനിയണം. ബന്ധുത്വം സ്ഥാപിക്കാനും ആനുകൂല്യങ്ങള്‍ ലഭിക്കാനും കേസുകളില്‍ ഹാജരാക്കാനും വില്ലേജ് ഓഫീസില്‍ നിന്നു ലഭിക്കുന്ന രേഖകള്‍ അത്യാവശ്യമാണ്. എന്നാല്‍ ഇതിനെല്ലാം പണം കൊടുക്കാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരാകുകയാണ്.
പോക്കുവരവ്, കെട്ടിടങ്ങളുടെ വണ്‍ടൈം ടാക്‌സ്, കെട്ടിട നിര്‍മ്മാണത്തിനുള്ള സ്‌കെച്ച് പ്ലാന്‍, വസ്തുവിന്റെ ഇനം മാറ്റല്‍, നിലം നികത്തല്‍, മണല്‍-പാറ ഖനനം, വ്യാപാര, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, കോടതി വ്യവഹാരങ്ങളും സിവില്‍- ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍, ഫീല്‍ഡില്‍ പോയി നല്‍കേണ്ട സേവനങ്ങള്‍ തുടങ്ങിയവ മുതലാക്കിയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ജനങ്ങളെ പിഴിയുന്നത്.
കോഴക്കേസില്‍ പിടിയിലായ ഉദ്യോഗസ്ഥര്‍
നവംബര്‍ 5: ചീമേനി വില്ലേജ് ഓഫീസര്‍ കെ വി സന്തോഷ്, ഫീല്‍ഡ് അസിസ്റ്റന്റ് കെ സി മഹേഷ്. പട്ടയം നല്‍കാനായി 10,000 രൂപ
ഒക്ടോബര്‍ 29: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വില്ലേജ് അസിറ്റന്റ് മാത്യു. വസ്തുവിന്റെ കുടിശിക കരം സ്വീകരിക്കാന്‍ വീട്ടമ്മയില്‍ നിന്ന് 10000 രൂപയാണ് കോഴയായി വാങ്ങിയത്.
സെപ്റ്റംബര്‍ 28: ഇടുക്കി വട്ടവട കോവിലൂര്‍ വില്ലേജ് ഓഫീസര്‍ സിയാദ്, വില്ലേജ് അസിസ്റ്റന്റ് അനീഷ്. മരംമുറിക്കുന്നതിനുള്ള പാസ് നല്‍കാന്‍ കരാറുകാരില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം.
ആഗസ്റ്റ് 25: മലപ്പുറം ഓഴൂര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഗിരീഷ് കുമാര്‍. ഭൂമിയുടെ ഇരട്ട സര്‍വേ നമ്പര്‍ ഒറ്റയാക്കാന്‍ ഓമച്ചപ്പുഴ സ്വദേശിയില്‍ നിന്ന് 500 രൂപ കൈപ്പറ്റി.
ജൂലായ് 1: കണ്ണൂര്‍ പട്ടുവംവില്ലേജ് ഓഫീസര്‍ പി ജസ്റ്റസ്. പിന്തുടര്‍ച്ചവകാശ സര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെട്ടത് 200 രൂപ
‘വില്ലേജ് ഓഫീസര്‍മാരുടെ യോഗം കഴിഞ്ഞദിവസം വിളിച്ച് ചേര്‍ത്തിരുന്നു. റവന്യൂ വിജിലന്‍സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്. ഒരു ശതമാനം ജീവനക്കാരാണ് പേരുദോഷമുണ്ടാക്കുന്നത്. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസിലെ 23 ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി’ റവന്യൂമന്ത്രി കെ രാജന്‍ വ്യക്തമാക്കി.