വിനോദം
അഞ്ചു ചിത്രങ്ങൾ തീയറ്ററുകളിലേക്കില്ല; ബ്രോഡാഡി അടക്കം അഞ്ചു സിനിമകളും ഒടിടിയിൽ
മോഹൻലാൽ – പ്രിയദർശൻ സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നിലപാട് പ്രഖ്യാപിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഇനിയുള്ള മോഹൻലാൽ- ആന്റണി പെരുമ്പാവൂർ സിനിമകളും തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രോഡാഡി അടക്കം ആശിർവാദ് ഫിലിംസിന്റെ ഇനിയുള്ള അഞ്ച് സിനിമകളും ഒടിടിയിലായിരിക്കും റിലീസ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
‘മരക്കാർ അറബിക്കടലിന്റെ സിംഹം’ സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ നിർദേശിച്ചത് മോഹൻലാലാണെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. സിനിമ ഒരുക്കിയത് തീയറ്ററിൽ വരണമെന്ന് ആഗ്രഹിച്ച് തന്നെയാണ്. എന്നാൽ, കോവിഡടക്കമുള്ള കാരണങ്ങളാൽ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. വെള്ളിയാഴ്ച മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തിൽ നടക്കാനിരുന്ന ചർച്ചയും മുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. തീയറ്റർ ഉടമകളുടെ സംഘടനക്ക് കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലായി.
തിയറ്റർ ഉടമകൾ 40 കോടിയുടെ അഡ്വാൻസ് തന്നു എന്നത് തെറ്റാണ്. ഇത്രയും വലിയൊരു തുക ഒരു സിനിമക്കും ഇതുവരെ അഡ്വാൻസ് ലഭിച്ചിട്ടില്ല. 4.895 കോടി രൂപയാണ് തീയറ്റർ ഉടമകൾ തന്നത്. പിന്നീട് ആ പൈസ തിരിച്ചുകൊടുത്തു. നാല് വർഷം മുമ്പത്തെ കണക്കുപ്രകാരം ഒരു കോടി ഇപ്പോഴും തീയറ്ററുകൾ തരാനുമുണ്ട്- ആന്റണി പെരുമ്പാവൂർ പറഞ്ഞു.
തീയറ്റർ ഉടമകൾ എന്നും തങ്ങളെ സഹായിച്ചവരാണ്. എന്നാൽ, ഇത്തവണ അവർ തന്നെ അവഗണിക്കുകയായിരുന്നു. ഒരുപാട് തവണ ഉടമകൾ യോഗം ചേർന്നെങ്കിലും ഒരുതവണ പോലും തന്നെ അതിലേക്ക് വിളിച്ചിട്ടില്ല. അത് വളരെ സങ്കടകരമാണ്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് തീറ്ററുകള്‍ തുറന്നത്. 100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.