കേരളം
റീലിസിന് തൊട്ടുപിന്നാലെ ‘മാലിക്’ ചോർന്നു; ഞെട്ടലോടെ സിനിമാലോകം
ഫഹദ് ഫാസിൽ ചിത്രം മാലിക്ക് റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ടെലഗ്രാമിൽ. ഇന്നലെ രാത്രി ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രമാണ് ടെലഗ്രാം ഗ്രുപ്പുകളിൽ ചോർന്നത്. വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റുമായി ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നുണ്ട്. തീയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് മൂലം തീയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ ഒടിടിയിൽ റിലീസ് ചെയ്യുകയായിരുന്നു.
ജൂലൈ 15ന് രാത്രി 12 മണി മുതൽ സ്ട്രീമിങ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇന്നലെ രാത്രി 10 മണി മുതൽ ആമസോൺ പ്രൈമിൽ ലഭ്യമായിരുന്നു. ഫഹദിനെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 41 മിനിറ്റ് (161 മിനിറ്റ്) ആണ്. ചിത്രത്തിന്റെ പൂർണമായ പതിപ്പാണ് ടെലഗ്രാമിൽ ചോർന്നത്.
വലിയ ബഡ്ജറ്റിൽ തിയറ്റർ റീലിസ് ലക്ഷ്യം വെച്ചു ഒരുക്കിയ ചിത്രമാണ് മാലിക്ക്. മെയ് 13ന് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച ശേഷമാണു രണ്ടാം കോവിഡ് വ്യാപനം മൂലം തീയറ്ററുകൾ അടച്ചത്. പിന്നീട് തീയറ്ററുകൾ തുറക്കുന്നത് വൈകിയ സാഹചര്യത്തിലാണ് സിനിമ ഒടിടി പ്ലാറ്റഫോമിലൂടെ പുറത്തിറക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.
‘ദൃശ്യം 2’നും ‘ജോജി’ക്കും ശേഷം മലയാളത്തില്‍ നിന്ന് ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ഡയറക്റ്റ് ഒടിടി റിലീസ് ആണ് മാലിക്. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മാലിക് തിയറ്റര്‍ റിലീസ് ലക്ഷ്യമാക്കി ഡിസൈന്‍ ചെയ്യപ്പെട്ട സിനിമയായിരുന്നു. മെയ് 13 എന്ന റിലീസ് തീയതിയും ആദ്യം പ്ലാന്‍ ചെയ്തിരുന്നു.
ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘മാലിക്.’മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.