കേരളം
സ്കൂളുകളിൽ ആദ്യ പ്രവൃത്തി ദിനം; ഹാജർ 80 ശതമാനം
കൊവിഡിന്റെ ആശങ്കകൾക്കിടയിലും കുട്ടികളെ സ്കൂളിലേയ്ക്കയക്കാൻ രക്ഷിതാക്കൾ തയ്യാറായെന്ന് വ്യക്തമാക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ. 15 ലക്ഷം കുട്ടികളിൽ 12 ലക്ഷം പേരും ആദ്യ ദിനം സ്കൂളുകളിൽ എത്തി. സംസ്ഥാനത്ത് ആകെയുള്ളത് 42 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾ ആണ്. എട്ട്, ഒൻപത് പ്ലസ് വൺ ക്ലാസുകൾ തുറക്കാത്തതിനാൽ ശേഷിക്കുന്നത് 34 ലക്ഷം പേർ ആണ്. ബാച്ച് അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 80 ശതമാനം കുട്ടികളും സ്കൂളുകളിലെത്തിയെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നു.
പ്രൈമറി ക്ലാസുകളിൽ ഹാജർ നില താരതമ്യേന കുറവാണ്. ഒന്നാം ക്ലാസിൽ 1,11,130 കുട്ടികളും രണ്ടാം ക്ലാസ്സിൽ 1,07,300 പേരും മാത്രമാണ് എത്തിയത്. പത്താം ക്ലാസിലാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്; 2,37,000. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ സ്കൂൾ തുറക്കൽ വിജയരമായെന്ന് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തുന്നു. വിവിധ കാരണങ്ങളാൽ സംസ്ഥാനത്തെ 131 സ്കൂളുകൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. ഏതായാലും വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികളെ സ്കൂളുകളിലേയ്ക്കയക്കാൻ രക്ഷിതാക്കൾ തയ്യാറാകുമെന്നാണ് സർക്കാരിന്റെ കണകക്കുകൂട്ടൽ.
സംസ്ഥാനത്ത് തിങ്കളാഴ്ച സ്കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ദിനമാണിതെന്നും കുട്ടികളെ സ്കൂളുകളിൽ വിടുന്നതിൽ രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ മുതൽ തന്നെ ഉത്സവലഹരിയിൽ ആയിരുന്നു സംസ്ഥാനത്തെ സ്കൂളുകൾ. ദീർഘ നാളുകൾക്കുശേഷം സ്കൂളുകളിലേക്ക് മടങ്ങിയെത്തിയ കുട്ടികളെ മധുരവും സമ്മാനപ്പൊതികളുമായാണ് അധ്യാപകർ വരവേട്ടത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വഴുതക്കാട് കോട്ടൺഹിൽ എൽപി സ്കൂളിൽ വച്ച് നടന്നു. ഒന്നാം ക്ലാസുകാരി നിഹാരിയെ കൊണ്ട് ദീപം തെളിച്ച് ആണ് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
ഏതു പ്രതിസന്ധി ഘട്ടത്തെയും മറികടക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പോരായ്മകൾ ഉണ്ടായാൽ അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. സാനിറ്റൈസറും മാസ്ക്കും അടങ്ങുന്ന കിറ്റ് വിദ്യാഭ്യാസ മന്ത്രി കുട്ടികൾക്ക് വിതരണം ചെയ്തു.