കേരളം
ചക്രവാത ചുഴി; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചക്രവാത ചുഴിയുടേയും ന്യൂനമർദത്തിന്റേയും ഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കും. ഇന്നു മധ്യ കേരളത്തിൽ മാത്രമാണു കാര്യമായ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കന്യാകുമാരിക്കടുത്ത് ചക്രവാത ചുഴിയും കേരള കർണാടക തീരത്തെ ന്യൂനമർദ പാത്തിയും തുടരുകയാണ്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയോടെ വീണ്ടും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, തൃശൂർ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലെല്ലാം യെല്ലോ അലർട്ടുമാണ്. 26ന് ആലപ്പുഴ, തൃശൂർ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലെല്ലാം മഞ്ഞ അലർട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ മഴ ലഭിച്ച മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ, നദിതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നു ദുരന്ത നിവാരണ വകുപ്പു നിർദേശിച്ചു. മലയോര മേഖലകളിൽ രാത്രി സഞ്ചാരം ഒഴിവാക്കണം. എമർജൻസി കിറ്റ് തയാറാക്കി വയ്ക്കണം. കിറ്റ് തയാറാക്കാനുള്ള നിർദേശങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.