കേരളം
‘നെപ്പോളിയന്‍’ ഇനി നിരത്തിലിറങ്ങില്ല ; ഇ ബുള്‍ ജെറ്റ് യൂട്യൂബര്‍മാരുടെ വാഹന രജിസ്‌ട്രേന്‍ റദ്ദാക്കി
അനധികൃതമായി വാഹനത്തിന്റെ രൂപം മാറ്റിയതിനും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് യൂട്യൂബര്‍മാരുടെ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി റിപ്പോർട്ട് . അപകടകരമായ രീതിയില്‍ വാഹനമോടിച്ചു, റോഡ് നിയമങ്ങള്‍ പാലിച്ചില്ല എന്നീ നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം 51(എ)വകുപ്പ് പ്രകാരമാണ് നടപടി. അതേസമയം, ഇ ബുള്‍ ജെറ്റ് യൂട്യൂബര്‍മാര്‍ക്കെതിരെ കൂടുതല്‍ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. സൈറണ്‍ മുഴക്കി വണ്ടി ഓടിച്ചതില്‍ പ്രാഥമികാന്വേഷണം നടത്തുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.
പഴയ വീഡിയോകളിലെ നിയമലംഘനങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിച്ചതിനും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിന് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരുടെ പതിനേഴ് കൂട്ടാളികള്‍ക്ക് എതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.സോഷ്യല്‍ മീഡിയയില്‍ അസഭ്യം പറയുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് എതിരെ ജുവനയല്‍ നിയമ പ്രകാരം കേസെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവരുടെ യൂട്യൂബ് ചാനലുകളിലുള്ള എല്ലാ വീഡിയോകളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമ ലംഘനത്തിന് പിഴയടയ്ക്കാന്‍ തയ്യാറാണെന്നും ജാമ്യം വേണമെന്നും വ്ലോഗര്‍മാരായ എബിനും ലിബിനും കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ കണ്ണൂര്‍ മുന്‍സിഫ് കോടതി പന്ത്രണ്ടാം തീയതി പരിഗണിക്കും.കണ്ണൂര്‍ കലക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പതായിലാണ് സഹോദരങ്ങളായ ലിബിനെയും എബിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓള്‍ട്ടറേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടികള്‍ക്കായി ഇവരോട് ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇരുവരും ആര്‍ടിഒ ഓഫീസിലെത്തി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. വാന്‍ ആര്‍ടിഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധിപേര്‍ കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഒടുവില്‍ വ്‌ലോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.