കേരളം
തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ കൈയ്യേറ്റം. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്തത്.
അടിപിടി കേസിൽ ചികിത്സക്കെത്തിയ രണ്ടു പേരാണ് അക്രമികൾ. വരി നിൽക്കാൻ തയാറാകാതിരുന്ന ഇവർ ചികിത്സ വൈകിയെന്ന് ആരോപിച്ചായിരുന്നു കൈയ്യേറ്റം. ഡോക്ടറുടെ കൈ പിടിച്ചു തിരിക്കാൻ അക്രമികൾ ശ്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ആക്രമിച്ചു. തുടർന്ന് ഫോർട്ട് പൊലീസ് എത്തി റഷീദ് എന്നയാളെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ രണ്ടാമത്തെ ആൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു.കൈക്ക് പരിക്കേറ്റ ഡോക്ടർ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്.
ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടർമാർ ഒ.പി. ബഹിഷ്കരിച്ചു.