ക്രൈം
കാണാതായ യുവതി സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍
ആലപ്പുഴ ചേര്‍ത്തലയില്‍ കാണാതായ യുവതി സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍. പുള്ളാട്ട് വളവ് ഹരികൃഷ്ണ (25) ആണ് മരിച്ചത്. സഹോദരി ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷിനെ കാണാനില്ല. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പട്ടണക്കാട് പൊലീസ് അറിയിച്ചു.
അവിവാഹിതയായ ഹരികൃഷ്ണ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്സാണ്. കുട്ടികളെ നോക്കാനായി രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണ് പ്രാഥമിക വിവരം. ഹരികൃഷ്ണയെയും രതീഷിനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നത്. കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.