Connect with us

കേരളം

മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനത്തിലെ വിശദാംശങ്ങൾ

Published

on

pinarayi vijayan

സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 1,28,489 പരിശോധനകള്‍ സംസ്ഥാനത്ത് നടന്നു. 24 മണിക്കൂറില്‍ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 132 ആണ്. 12.1 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. 11 ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടി.പി.ആര്‍ 17 ശതമാനം.

ജില്ലകളില്‍ പൊതുവെ കാര്യങ്ങള്‍ ഫലപ്രദമായി നീങ്ങുന്നുണ്ട്. കോണ്‍ടക്ട് ട്രെയ്സിംഗ്,ടെസ്റ്റിംഗ് എന്നിവയ്ക്കൊപ്പം വാക്സിനേഷനും ഒന്നിച്ചു നീക്കാനാവണം. ഫലപ്രദമായി വക്സിനേഷന്‍ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് ദേശീയതലത്തില്‍ നേരത്തെ വിലയിരുത്തപ്പെട്ടതാണ്. സീറോ വേയ്സ്റ്റേജ്, കൂടുതല്‍ ഡോസ് വാക്സിനേഷന്‍ എന്നീ കാര്യങ്ങളിലൊക്കെ നാം മുന്നിലാണ്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കാറ്റഗറി എ, ബി, പ്രദേശങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിവയില്‍ 50 ശതമാനംവരെ ഉദ്യോഗസ്ഥരേയും കാറ്റഗറി സി പ്രദേശങ്ങളില്‍ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളിച്ചാവും ഓഫീസ് പ്രവര്‍ത്തനം. കാറ്റഗറി ഡിയില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. എ, ബി, പ്രദേശങ്ങളില്‍ ബാക്കിവരുന്ന 50 ശതമാനം പേരും സി യില്‍ ബാക്കിവരുന്ന 75 ശതമാനം പേരും, എല്ലാ മേഖലയിലുമുള്ള ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടാവണം. അവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡി വിഭാഗത്തില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക എന്നതിനാല്‍ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകൾ ആയി കണക്കാക്കും. അതോടൊപ്പം മൈക്രോ കണ്ടയിൻമെന്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വന്നതുടങ്ങിയിരിക്കുകയാണ്. മറ്റ് മഹാമാരികളുമായി തട്ടിച്ച് നോക്കുമ്പോള്‍ താരതമ്യേന രോഗവ്യാപന സാധ്യത കൂടുതലുള്ള രോഗമാണ് കോവിഡ്. ആഗോളാന്തരയാത്രകള്‍ മുന്‍കാലങ്ങളെക്കാള്‍ വളരെ വര്‍ധിച്ചിട്ടുള്ളത് കൊണ്ട് പകര്‍ച്ചാ നിരക്ക് കൂടുതലുള്ള മഹാമാരിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഒരു രാജ്യത്തിനോ ഭൂഖണ്ഡത്തിനോ മാത്രമായി സാധ്യമല്ല. വിദേശരാജ്യങ്ങളിലെ രണ്ടാം തരംഗം അവസാനിച്ച് കഴിഞ്ഞാണ് ഇന്ത്യയില്‍ രണ്ടാം തരംഗം ആരംഭിച്ചത്.

രോഗ പ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാന്‍ സമൂഹത്തില്‍ കുറഞ്ഞത് 60% പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കേണ്ടതുണ്ട്. ഇതിനകം ആല്‍ഫ, ബീറ്റ, ഗാമ ഡെല്‍റ്റ എന്നിങ്ങനെ നാലുതരം വൈറസ് വകഭേദങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. ഇതില്‍ ഡെല്‍റ്റ വകഭേദം വ്യാപന നിരക്ക് വളരെ കൂടിയതും രോഗപ്രതിരോധത്തെ അതിജീവിക്കാന്‍ ഭാഗികമായി ശേഷി ആര്‍ജ്ജിച്ചിട്ടുതുമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ഡെല്‍റ്റാവൈറസാണ് കൂടുതലായി കണ്ടുവരുന്നത്.

കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് സാമൂഹ്യ പ്രതിരോധ ശേഷി അവശ്യമായ തോതില്‍ കൈവരിക്കാന്‍ കഴിഞ്ഞാല്‍ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല. മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാവുകയല്ല ചെയ്യുന്നത്. കോവിഡ് നിയന്ത്രണത്തിലുള്ള പാളിച്ചകളിലൂടെയും വാക്സിന്‍ വിതരണത്തിലെ വീഴ്ചകളിലൂടെയും ഉണ്ടാക്കപ്പെടുകയാണ് ചെയ്യുന്നത്. അത്കൊണ്ട് ഈ ഘട്ടത്തില്‍ അതിവേഗം വാക്സിനേഷന്‍ ഒരു ഡോസെങ്കിലും എല്ലാവര്‍ക്കും നല്‍കാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡെല്‍റ്റ വൈറസ് സാന്നിധ്യമുള്ളത് കൊണ്ട് അതിവേഗ വ്യാപന സാധ്യതയുള്ള ചെറുതും വലുതുമായ ആള്‍കൂട്ട സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രതകാട്ടണം.

മൂന്നാം തരംഗം ഉണ്ടായാല്‍ അത് കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വിശ്വാസത്തിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. ഇതിനകം കേവലം 4% കുട്ടികളെ മാത്രമാണ് രോഗം ബാധിച്ചിട്ടുള്ളത്. കുട്ടികളിലെ മരണ നിരക്കും വളരെ കുറവാണ്. എങ്കിലും മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രം എന്ന ഗുരുതരമായ കോവിഡാനന്തര രോഗസാധ്യത കുട്ടികളില്‍ കാണുന്ന സാഹചര്യം പരിഗണിച്ച് കുട്ടികളുടെ ചികിത്സക്കാവശ്യമായ തീവ്രപരിചരണ സംവിധാനം ഒരുക്കുകയാണ്.

സംസ്ഥാനത്ത് വാക്സിന്‍ വിതരണം മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 1,77,09,529 പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ 1,24,64,589 പേര്‍ക്ക് ഒരു ഡോസ് വാക്സിനും 52,44,940 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചു.

കേന്ദ്രസര്‍ക്കാരില്‍ നിന്നും വാക്സിന്‍ കൃത്യമായി ലഭിക്കുകയാണെങ്കില്‍ ഇപ്പോള്‍ കേരളം വാക്സിന്‍ വിതരണം ചെയ്യുന്ന വേഗതയില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 60 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കാന്‍ സാധിക്കും. പുതിയ തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ രോഗം വന്നു ഭേദമായവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അങ്ങനെ രോഗം വന്നു ഭേദമായവരുടെ എണ്ണവും, മേല്പറഞ്ഞ രീതിയില്‍ വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചാല്‍ അതു ലഭിക്കുന്നവരുടെ എണ്ണവും ഒരുമിച്ച് കണക്കിലെടുത്താല്‍ നമുക്ക് സാമൂഹിക പ്രതിരോധ ശേഷി അധികം താമസിയാതെ കൈവരിക്കാന്‍ സാധിക്കേണ്ടതാണ്. പക്ഷേ, സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചാല്‍ പോലും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ നമുക്ക് പെട്ടെന്ന് പിന്‍വലിക്കാന്‍ സാധിക്കില്ല. വാക്സിനെടുത്തവരിലും രോഗം വന്നു ഭേദമായവരിലും വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് വാക്സിന്‍ എടുത്തവരും മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം.

പോസിറ്റീവ് കേസുകളുടെ എണ്ണം ഇപ്പോള്‍ ഏതാണ്ട് ഒരേ നിലയില്‍ നില്‍ക്കുന്നതില്‍ അമിതമായി വ്യാകുലപ്പെടേണ്ടതില്ല. മറ്റിടങ്ങളില്‍ നിന്നും എന്തുകൊണ്ടാണ് ഇവിടെ ഈ വ്യത്യാസം നിലനില്‍ക്കുന്നത് എന്നത് മുന്‍പ് നിരവധി തവണ വിശദമാക്കിയതാണ്. നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ രോഗികളുടെ എണ്ണത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. മരണനിരക്ക് ഇന്ത്യയില്‍ മറ്റേതു പ്രദേശത്തേക്കാളും കുറച്ചു നിര്‍ത്താനും നമുക്ക് കഴിയുന്നു.

മറ്റു രോഗാവസ്ഥയുള്ളവര്‍ക്കിടയിലാണ് കോവിഡ് ഗുരുതരമാകുന്നത്. അതുകൊണ്ട് പ്രമേഹം, രക്താതിമര്‍ദ്ദം, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം പോലുള്ള രോഗാവസ്ഥകള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്. കൃത്യമായ ചികിത്സ മുടക്കം കൂടാതെ ഉറപ്പു വരുത്തണം. കോവിഡേതര രോഗങ്ങള്‍ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പുനരാരംഭിച്ചിട്ടുണ്ട്. ആ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ചികിത്സ എത്രയും പെട്ടെന്ന് നേടുവാന്‍ രോഗികളായവരും അവരുടെ കുടുംബങ്ങളും ശ്രദ്ധിക്കണം.

ഇത്തരം രോഗാവസ്ഥകളുള്ളവര്‍ രോഗബാധിതരായാല്‍ വീട്ടില്‍ കഴിയാതെ ഉടനെത്തന്നെ കോവിഡ് ആശുപത്രികളില്‍ പ്രവേശിക്കേണ്ടതാണ്. ബൈസ്റ്റാന്‍റര്‍മാരെ അനുവദിക്കുന്നതുകൊണ്ട് അവര്‍ക്ക് ആശുപത്രിയില്‍ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സാധിക്കും. അതുപോലെ അനുബന്ധരോഗമുള്ളവര്‍ വാക്സിന്‍ കഴിയാവുന്നത്ര വേഗം എടുക്കണം. അവര്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനു മുന്‍ഗണനയും ഉണ്ട്.

മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ മാതൃകവചം എന്ന പേരില്‍ ആരോഗ്യ വകുപ്പ് കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചാണ് വാക്സിന്‍ എടുപ്പിക്കുന്നത്. വാക്സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയാണ് വാക്സിന്‍ നല്‍കുന്നത്.

സംസ്ഥാനത്ത് ഇതുവരെ നാല്പതിനായിരത്തോളം ഗര്‍ഭിണികളാണ് വാക്സിന്‍ എടുത്തത്. എന്നാല്‍ ചിലര്‍ വാക്സിനെടുക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ സ്വന്തം സുരക്ഷയും കുഞ്ഞിന്‍റെ സുരക്ഷയും കണക്കിലെടുത്ത് വാക്സിന്‍ എടുക്കേണ്ടതാണ്. കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് ഗര്‍ഭിണികള്‍. സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗര്‍ഭിണികള്‍ ഗുരുതരാവസ്ഥയിലാകുകയും അപൂർവം പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. പലതരം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് വാക്സിന്‍റെ സുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ ആശങ്ക കൂടാതെ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണം.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏത് കാലയളവിലും വാക്സിന്‍ നല്‍കാന്‍ കേന്ദ്രം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. അതിനാല്‍ ഗര്‍ഭാവസ്ഥയിലെ അവസാന മാസങ്ങളില്‍ ഒന്നാം ഡോസ് വാക്സിന്‍ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്പോള്‍, മുലയൂട്ടുന്ന സമയമായാല്‍ പോലും വാക്സിന്‍ എടുക്കുന്നതിന് തടസമില്ല.

ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) 2021, ജൂണ്‍ അവസാനവും ജൂലൈ ആദ്യവുമായി നടത്തിയ നാലാമത് സിറോ പ്രിവലന്‍സ് പഠനത്തിന്‍റെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച സാമ്പിളിങ് പ്രകാരം തെരഞ്ഞെടുക്കപ്പെവരുടെ രക്തത്തിലുള്ള ആന്‍റിബോഡീ സാന്നിധ്യം നിര്‍ണ്ണയിക്കുകയാണ് സിറോ പ്രിവലന്‍സ് സര്‍വേയിലൂടെ നടത്തുന്നത്. രോഗം വന്ന് ഭേദമായവരിലും വാക്സിന്‍ സ്വീകരിച്ചവരിലും കോവിഡ് വൈറസിനെതിരായ ആന്‍റിബോഡികളുണ്ടാവും. സിറോ പ്രിവലന്‍സ് പഠനത്തിലൂടെ സമൂഹത്തില്‍ എത്രശതമാനം പേര്‍ക്ക് രോഗപ്രതിരോധശേഷി ആര്‍ജ്ജിക്കാന്‍ കഴിഞ്ഞെന്ന് കണ്ടെത്താന്‍ കഴിയും. സിറോ പോസിറ്റിവിറ്റിയും ഇതികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റിയും താരതമ്യം ചെയ്ത് ഇപ്പോള്‍
പിന്തുടര്‍ന്ന് വരുന്ന ടെസ്റ്റിഗ് രീതിയുടെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും
കാര്യക്ഷമത വിലയിരുത്താനും കഴിയും.

21 സംസ്ഥാനങ്ങളില്‍ നിന്നുള്ള 70 ജില്ലകളിലായി 100 ആരോഗ്യപ്രവര്‍ത്തകരടക്കം ശരാശരി 400 പേര്‍ ഓരോ ജില്ലയില്‍ നിന്നും എന്ന ക്രമത്തില്‍ ആറുവയസ്സിനു മുകളിലുള്ള 28,975 പേരിലാണ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റിംഗ് ഫലമനുസരിച്ച് രാജ്യത്ത് 67.6 ശതമാനം സിറോ പോസിറ്റിവിറ്റിയാണ് കണ്ടത്. അതായത് രാജ്യത്ത് മൂന്നില്‍ രണ്ട് പേര്‍ക്ക് രോഗം വന്നു പോയതിനാലോ വാക്സിന്‍ വഴിയോ രോഗ പ്രതിരോധം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്
കേരളത്തില്‍ തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ് പഠനം നടത്തിയത്. 42.7 ശതമാനമാണ് ഈ ജില്ലകളില്‍ നിന്നുള്ള ഫലമനുസരിച്ച് സംസ്ഥാനത്തെ സിറോ പോസിറ്റിവിറ്റി. സംസ്ഥാനത്ത് ഏതാണ്ട് അമ്പത് ശതമാനം പേര്‍ക്ക് രോഗം ഇതുവരെ ബാധിച്ചിരുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ച സിറോ പ്രിവലന്‍സ് സര്‍വേ പ്രകാരം കേരളത്തില്‍ 11.6 ശതമാനം പേര്‍ക്കായിരുന്നു രോഗം വന്നു ഭേദമായത്. ദേശീയ ശരാശരി 21 ശതമാനമായിരുന്നു. നമ്മുടെ കോവിഡ് നിയന്ത്രണത്തിന്‍റെ വിജയത്തെയാണിത് കാണിക്കുന്നത്. മാത്രമല്ല രാജ്യത്ത് 28 ല്‍ ഒരാൾക്ക് രോഗം കണ്ടെത്താന്‍ കഴിഞ്ഞു എന്നാണ് കണക്കെങ്കില്‍, കേരളത്തില്‍ അഞ്ചില്‍ ഒരാളില്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ടെസ്റ്റിംഗ് രീതി ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

രോഗം ബാധിച്ചവരില്‍ ഏറെപ്പേരെയും കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ എല്ലാവര്‍ക്കും
ഉചിതമായ ചികിത്സ നല്‍കാന്‍ നമുക്ക് കഴിഞ്ഞു. രണ്ടാം തരംഗത്തിലും കോവിഡ് ആശുപത്രികളിലും ഐ.സി.യുകളിലുമായി അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം 25,000 ആയി പരിമിതപ്പെടുത്താന്‍
കഴിഞ്ഞു. ഒരു ഘട്ടത്തിലും ചികിത്സാ സൗകര്യങ്ങള്‍ക്കുപരിയായി രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. സ്വാഭാവികമായും മരണനിരക്കും കേരളത്തില്‍ കുറവാണ്.

ഒന്നാംഘട്ട രോഗവ്യാപന കാലത്തെ നമ്മുടെ പ്രതിരോധ നടപടികളുടെ ഫലമായാണ് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് രോഗം ബാധിക്കാതിരുന്നത്. അങ്ങനെയുള്ളവര്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരായിരുന്നത് കൊണ്ടും വ്യാപനസാധ്യത കൂടുതലുള്ള ഡല്‍റ്റവൈറസ് വകഭേദം വ്യാപകമായി വ്യാപിച്ചത് കൊണ്ടുമാണ് രണ്ടാം തരംഗത്തില്‍ ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് വര്‍ധിച്ച് നില്‍ക്കുന്നത്. ഇതിനകം 18 വയസ്സിന് മുകളിലുള്ള 50% ശതമാനത്തിന് ഒരു ഡോസ് വാക്സിന്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് കൂടി അതിവേഗം വാക്സിനേഷന്‍ നടത്താന്‍ കഴിഞ്ഞാല്‍ അധികം വൈകാതെ 70% പേര്‍ക്ക് രോഗപ്രതിരോധം ലഭ്യമാക്കി സാമൂഹ്യപ്രതിരോധശേഷി കൈവരിച്ച് നമുക്ക് കോവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയും.

2021 ജനുവരി 16 മുതല്‍ സംസ്ഥാനം മികച്ച രീതിയില്‍ കോവിഡ് വാക്സിന്‍ വിതരണം നടത്തി വരികയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് വാക്സിനേഷന്‍ നടത്തുന്നത്. ഇതുവരെ 1.77 കോടിയിലധികം ഡോസ് കോവിഡ് വാക്സിന്‍ നല്‍കി. ഒന്നാം ഘട്ടം മുതല്‍ വാക്സിന്‍ വിതരണത്തില്‍ സ്വകാര്യ വാക്സിനേഷന്‍ സെന്‍ററുകള്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ വാക്സിനേഷന്‍ സെന്‍ററുകളുടെ സെഷന്‍ സൈറ്റുകളായി പ്രവര്‍ത്തിക്കുകയും അത്തരം കേന്ദ്രങ്ങളിലൂടെ വാക്സിനുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു. 2021 മാര്‍ച്ച് 1 മുതല്‍ 2021 ഏപ്രില്‍ 30 വരെ സ്വകാര്യ വാക്സിനേഷന്‍ സെന്‍ററുകള്‍ക്ക് 150 രൂപ നിരക്കില്‍ കോവിഡ് വാക്സിന്‍ നല്‍കുകയും 250 രൂപയ്ക്ക് (സേവന ചാര്‍ജായി 100 രൂപ ഈടാക്കുന്നു) പൊതുജനങ്ങള്‍ക്ക് ലഭ്യമാവുകയും ചെയ്തു.

2021 മെയ് 1 മുതല്‍ പുതിയ വാക്സിനേഷന്‍ സ്ട്രാറ്റജി നടപ്പിലാക്കിയതോടെ രാജ്യത്തെ മൊത്തം വാക്സിന്‍ ഉല്‍പാദനത്തിന്‍റെ 25% സ്വകാര്യമേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വകാര്യ സെന്‍ററുകളോട് നിര്‍മാതാക്കളില്‍ നിന്ന് കോവിഷീല്‍ഡിന് 600 രൂപയും ജി എസ് ടിയും കോവാക്സിന് 1200 രൂപയും ജി എസ് ടിയും എന്ന നിരക്കില്‍ നേരിട്ട് വാക്സിന്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സേവന ചാര്‍ജിനായി 150 രൂപയ്ക്ക് ഒരു ക്യാപ്പിംഗും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചു. ഈ സമ്പ്രദായമനുസരിച്ച് കോവിഷീല്‍ഡിന്‍റെ കാര്യത്തില്‍ കുറഞ്ഞത് 3000 ഡോസുകള്‍ ഓര്‍ഡര്‍ ചെയ്യേണ്ടതായി വന്നു. ഇതു ചെറുകിട, ഇടത്തരം ആശുപത്രികളെ വാക്സിനേഷന്‍ ഡ്രൈവില്‍ പങ്കെടുക്കുന്നത് തടയുന്ന സാഹചര്യമുണ്ടായി.

വാക്സിന്‍ വാങ്ങുന്നതിനായി മന്ത്രാലയം ജൂലൈ മുതല്‍ പുതിയ സംവിധാനം നടപ്പാക്കി. പുതിയ സംവിധാനം അനുസരിച്ച് സ്വകാര്യ സെന്‍ററുകള്‍ കോവിന്‍ പോര്‍ട്ടാല്‍ വഴി വാക്സിനായി ഓര്‍ഡര്‍ നല്‍കുകയും നിര്‍മ്മാതാവിന് കോവിന്‍ വഴിയല്ലാതെ നേരിട്ട് പണമടയ്ക്കുകയും ചെയ്യണം. കോവിഷീല്‍ഡ് 6000 ഡോസിനും കോവാക്സിന്‍ 2880 ഡോസിനും മുകളിലാണ് ഓര്‍ഡര്‍ എങ്കില്‍ കമ്പനി തന്നെ നേരിട്ട് വാക്സിന്‍ എത്തിച്ചു നല്‍കും. എന്നാല്‍ ഓര്‍ഡര്‍ അതിലും കുറവും കോവിഷീല്‍ഡ് ചുരുങ്ങിയത് 500 ഡോസും കോവാക്സിന്‍ 160 ഡോസും ആണെങ്കില്‍ സംസ്ഥാനത്തിന്‍റെ വിതര ശൃംഖലയിലൂടെ അത് വിതരണം ചെയ്യും. പുതിയ നയമനുസരിച്ച് 289 ആശുപത്രികള്‍ പുതുതായി ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. ജൂലൈ 19 വരെയുള്ള കണക്കുകള്‍ പ്രകാരം 2,01,320 ഡോസുകള്‍ ഇതുവരെ സംസ്ഥാനത്തിന്‍റെ ശൃംഖല വഴി വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. നേരിട്ടുള്ള ഓര്‍ഡര്‍ ലഭിച്ചത് 13,95,500 ഡോസ് വാക്സിനാണ്. 5,93,000 ഡോസ് ആണ് ഇതുവരെ നിര്‍മ്മാതാക്കളില്‍ നിന്നും ലഭ്യമായിരിക്കുന്നത്. 250 രൂപ നിരക്കില്‍ 2021 മാര്‍ച്ച് 1 മുതല്‍ 2021 ഏപ്രില്‍ 30 വരെ 8,29,976 ഡോസുകള്‍ സ്വകാര്യ സെന്‍ററുകള്‍ വഴി നല്‍കി. 2021 മെയ് 1 ന് ശേഷം (2021 ജൂലൈ 19 വരെ) 10,03,409 ഡോസുകള്‍ സ്വകാര്യ സെന്‍ററുകള്‍ കമ്പനികളില്‍ നിന്നും നേരിട്ട് വാങ്ങി വിതരണം ചെയ്തു.

സ്വകാര്യമേഖലയിലെ വാക്സിനേഷന്‍റെ മേല്‍നോട്ടവും പിന്തുണയും ഉറപ്പാക്കാന്‍ എ.ഡി.എച്ച്.എസ് എഫ്.ഡബ്ല്യുവിന്‍റെ അധ്യക്ഷതയില്‍ ഒരു ഉപസമിതി രൂപീകരിച്ചു. സ്വകാര്യമേഖലയില്‍ വാക്സിനേഷന്‍ ഡ്രൈവ് വിജയകരമായി നടത്തുന്നത് ഉറപ്പാക്കുന്നതിന് സ്വകാര്യ ആശുപത്രികളേയും ഐഎംഎ പോലുള്ള അസോസിയേഷനുകളേയും ഏകോപിപ്പിക്കുന്നതില്‍ സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി സജീവ പങ്കുവഹിക്കുന്നു. സ്വകാര്യ സെന്‍ററുകളെ പിന്തുണയ്ക്കുന്നതിനായി പതിവ് അവലോകന മീറ്റിംഗുകളും പരിശീലനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് ആകെ 44 പേര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്. നിലവില്‍ 7 പേരാണ് രോഗികളായുള്ളവര്‍. അതില്‍ 5 പേര്‍ ഗര്‍ഭിണികളാണ്. എല്ലാവരുടേയും നില തൃപ്തികരമാണ്.ഈ ആഴ്ച സിക്ക വൈറസ് കേസ് കുറവാണെങ്കിലും ജാഗ്രത തുടരണം. വെള്ളം കെട്ടില്‍ക്കാന്‍ അനുവദിക്കരുത്. കൊതുക് വളരാനുള്ള സാഹചര്യമൊരുക്കരുത്. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ഇനിയും സിക്ക വൈറസ് കേസ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.സിക്ക വൈറസ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ, തദ്ദേശ, റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 മുതല്‍ ഇന്നലെ വരെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 5,75,839 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 5,19,862 പേരെ കോവിഡ് നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു. ആകെ 3,42,832 വാഹനങ്ങളാണ് ഇക്കാലയളവില്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 16,311 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 9,235 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 40,21,450 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെ കിഴക്കന്‍ മലയോര മേഖലയിലാണ് വലിയ മഴ ലഭിക്കുന്നത്. ന്യൂനമര്‍ദത്തെ തുടര്‍ന്ന് നമ്മുടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക സംസ്ഥനങ്ങളുടെ അതിര്‍ത്തി ജില്ലകളില്‍ അതിതീവ്ര മഴ ലഭിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. മലപ്പുറം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പങ്കിടുന്ന നീലഗിരി കുന്നുകളില്‍ അതിശക്തമായ മഴ ഉണ്ടായിട്ടുണ്ട്.

വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളുടെ കിഴക്കന്‍ മേഖല അടുത്ത 24 മണിക്കൂര്‍ കൂടി അതീവ ജാഗ്രത പാലിക്കണം. 24 മണിക്കൂറില്‍ 200 മില്ലിമീറ്റര്‍ വരെ മഴ ഒറ്റപ്പെട്ടയിടങ്ങളില്‍ ലഭിക്കാന്‍ സാധ്യതയുള്ള ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ കാരണമായേക്കാം. ശക്തമായ കാറ്റിനുള്ള സാധ്യതാ മുന്നറിയിപ്പുമുണ്ട്. അതുകൊണ്ട് രാത്രി സമയങ്ങളിലും ജാഗ്രത തുടരണം. ഏറ്റവും അപകടകരമായ സാഹചര്യങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമായ ഘട്ടങ്ങളില്‍ മാറ്റി താമസിപ്പിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയി. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജൂലൈ 27 വരെ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ നിവാസികളും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത തുടരേണ്ടതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ