കേരളം
ഐസിഎസ്‌സി പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
ഐസിഎസ്‌സി പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സിഐഎസ് സിഇ അറിയിച്ചു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാഫലം അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി സിബിഎസ്ഇ നീട്ടിയിരുന്നു. 25 വരെയാണ് സമയം അനുവദിച്ചത്. നേരത്തെ 22 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. കൂടുതല്‍ സമയം വേണമെന്ന സ്‌കൂളുടെ ആവശ്യം പരിഗണിച്ചായിരുന്നു സിബിഎസ്ഇ ഇളവ് അനുവദിച്ചത്.
അതിനിടെ സിബിഎസ്ഇ 10, 12 റഗുലർ വിദ്യാർത്ഥികൾക്ക് നൽകിയ ഇളവുകൾ പ്രൈവറ്റ്, കംപാർട്ട്മെന്റൽ, റിപ്പീറ്റ് വിദ്യാർത്ഥികൾക്കും നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി എത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1157 വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്.
പരീക്ഷ ഒഴിവാക്കി പ്രകടനം നിശ്ചയിക്കുന്ന റഗുലർ വിദ്യാർത്ഥികളുടെ മാനദണ്ഡം തങ്ങൾക്കും നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.ഫലപ്രഖ്യാപന തിയ്യതിയും, മാർക്ക് മെച്ചപ്പെടുത്താന്‍ അപേക്ഷ നൽകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന ഓപ്ഷണല്‍ പരീക്ഷയുടെ സമയക്രവും ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു.