കേരളം
വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ വയർമാൻ അസോസിയേഷന്റെ വീട്ടുമുറ്റ സമരം
തിങ്കളാഴ്ച ആരംഭിച്ചപാർലമെന്റ് സമ്മേളനത്തിൽ പരിഗണനയ്ക്ക് എടുക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ
(കെ.ഇ.ഡബ്ല്യു.എസ്.എ) സംസ്ഥാന വ്യാപകമായി വീട്ടുമുറ്റങ്ങളിൽ കുടുംബാംഗങ്ങളുമൊത്ത് പ്രതിഷേധ സമരം നടത്തി. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ 2010 ലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പാർലമെന്റിൽ ബില്ല് അവതരിപ്പിക്കുന്നത്.ഇന്നുള്ള ഇലക്ട്രിക്കൽ വയർമെൻ എന്ന കാറ്റഗറിക്ക് പകരം ഇലക്ട്രിക്കൽ വർക്ക്മാൻ എന്ന പുതിയ വിഭാഗമാണ് കൂട്ടി ചേർത്തിട്ടുള്ളത്.ഇലക്ട്രിക്കൽ വർക്ക്മെൻ പെർമിറ്റ് മൂന്ന് കാറ്റഗറികളിൽ ആയി വിഭജിക്കുകയും ചെയ്തിട്ടുണ്ട്.
വർക്ക്മാൻ,സൂപ്പർ വൈസർ എന്നീ ലൈസൻസുകൾ നിശ്ചിത സാങ്കേതിക വിദ്യാഭ്യാസ യോഗ്യത നേടിയവർക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.നിലവിൽ ഈ ലൈസൻസുകൾ കൈവശമുള്ളവരിൽ സാങ്കേതിക വിദ്യാഭ്യാസ യോഗ്യത നേടാത്തവരുടെ ഭാവി അനിശ്ചിതത്വത്തിലായി ഈ മേഖലയിൽ നിന്ന് തുടച്ചുനീക്കി തൊഴിലില്ലാത്തവരായി മാറും.നിലവിലെ ലൈസൻസ് സംവിധാനം അതേപടി നിലനിർത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മുറ്റം സമര പരിപാടി സംഘടിപ്പിച്ചത്.സംസ്ഥാന വ്യാപകമായി തൊഴിലാളികളുടെ കുടുംബാംഗങ്ങൾ അടക്കം പതിനായിരക്കണക്കിന് ആളുകൾ സമരത്തിൽ പങ്കാളികളായി.
ഭേദഗതി പ്രാബല്യത്തിൽ വന്നാൽ വൈദ്യുതി വിതരണ മേഖലയിലും ദൂര വ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. മൂലധന നിക്ഷേപവും മത്സരവും വർധിപ്പിക്കുക ലക്ഷ്യമിടുന്നതിലൂടെ വിതരണ മേഖലയിൽ സ്വകാര്യ കമ്പനി കൾക്കു നിയന്ത്രണം ഉറപ്പിക്കാൻ ഇത് വഴിയൊരുക്കും.ഏതു പ്രദേശത്ത് ആർക്ക് വൈദ്യുതി നൽകണമെന്നു വിതരണക്കാർ തീരുമാനിക്കുന്നതോടെ വൈദ്യുതി ചാർജിൽ ഭീമമായ വർദ്ധനവ് വരും.ഗാർഹിക ഉപഭോക്താക്കളെയും കാർഷിക ഉപഭോക്താക്കളെയും ചാർജ് വർദ്ധനവ് കൂടുതൽ ബാധിക്കും.
എറണാകുളം ജില്ലയിലെ സമരത്തിന് സംസ്ഥാന പ്രസിഡന്റ് സി.ടി ലാൻസണും,ആലപ്പുഴയിൽ ജനറൽ സെക്രട്ടറി എം.മുജീബ് റഹ്‌മാനും, കോട്ടയത്ത് കെ.ഐ ജയിംസും, കൊല്ലത്ത് സി.ശ്രീകുമാറും,തൃശൂരിൽ ടി.ജെ ജയിംസും,കണ്ണൂരിൽ വിനോദ് കാണിയും,തിരുവനന്തപുരത്ത് വി.ഗോപകുമാറും,പാലക്കാട് ടി.കെ പ്രസാദും,പത്തനംതിട്ടയിൽ ചന്ദ്രൻ നായരും,കാസർഗോഡ് രഘുനാഥൻ മേനോംപുറത്തും,മലപ്പുത്ത് സത്യനാഥനും,ഇടുക്കിയിൽ മധു നായരും,വയനാട് ഷിനോജും നേതൃത്വം നൽകി.