കേരളം
കേരളത്തിന് നഷ്ടമായത് 3500 കോടിയുടെ വ്യവസായ നിക്ഷേപ പദ്ധതി; കിറ്റെക്സ് സംഘം ഇന്ന് തെലുങ്കാനയിലേക്ക്
കിറ്റെക്സ് സംഘം ഇന്ന് തെലുങ്കാനയിലേക്ക്. കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ വ്യവസായ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച തെലങ്കാന സർക്കാരുമായി ചർച്ച നടത്തും. കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തെലങ്കാന സർക്കാരുമായുള്ള ചർച്ചയ്ക്ക് പോകുന്നത്.
വ്യവസായ മന്ത്രി കെ ടി രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് കിറ്റെക്സ് പ്രതിനിധികൾ ഹൈദരാബാദിലെത്തുന്നത്. തെലുങ്കാന സർക്കാർ അയക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. മാനേജിംഗ് ഡയറക്ടർ സാബു എം ജേക്കബിനൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ എൽ വി നാരായണൻ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ഹർകിഷൻ സിംഗ് സോധി, സി എഫ് ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരും സംഘത്തിലുണ്ടാകും.
നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു എം ജേക്കബ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂടിക്കാഴ്ച. നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലുങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.