കേരളം
സെയില്‍സ് ഗേളില്‍ നിന്നും മീന്‍ വില്‍പ്പനക്കാരിയിലേക്ക്; മാതൃകയായി യുവതി
തിരുവനന്തപുരം ബാലരാമപുരം ഐത്തിയൂര്‍ കോട്ടാംവിളാകത്ത് വീട്ടില്‍ എസ്.ബിന്ദുവാണ് കോവിഡ് സൃഷ്ട്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വെത്യസ്തമായ വരുമാനമാർഗ്ഗം കണ്ടെത്തി ജീവിതം തിരികെപ്പിടിച്ച് ശ്രദ്ധേയയാകുന്നത്. നീണ്ട 11 വര്‍ഷം തുണിക്കടകളില്‍ സെയില്‍സ് ഗേളായിരുന്ന സമയമത്രയും രാവിലെ ഏഴുമുതല്‍ രാത്രി ഏഴു വരെ കടയില്‍ വരുന്നവര്‍ക്ക് പുതുപുത്തന്‍ വസ്ത്രങ്ങള്‍ കാണിച്ചു കൊടുക്കണം. എന്നും ഒരേ ജോലി, 1500 രൂപയില്‍നിന്നും 11 വര്‍ഷംകൊണ്ട് 9000 രൂപ വരെയായി ശമ്പളം.
ജീവിതം മാറാന്‍ വലിയ സമയം എടുത്തില്ല. കോവിഡും ലോക്ഡൗണും സന്തോഷത്തിന്റെ ദിനങ്ങള്‍ പയ്യെപ്പയ്യെ അകറ്റി. ആദ്യ ദിനങ്ങളില്‍ ഇന്നുമാറും നാളെ മാറും എന്ന് പ്രതീക്ഷിച്ച് മുന്നോട്ടുപോയി. എന്നാൽ ആകെയുണ്ടായിരുന്ന വരുമാന മാർഗ്ഗം ചോദ്യചിഹ്നമായപ്പോൾ ബാലരാമപുരത്തെ അറിയാവുന്ന കടകളില്‍ ജോലിക്കായി കയറിയിറങ്ങി. കോവിഡും ലോക്ഡൗണും കച്ചവടം മുട്ടിച്ച വ്യാപാരികൾക്ക് ഒരു ജീവനക്കാരിയെ കൂടെ നിറുത്തുക സാധ്യമായിരുന്നില്ല. ഇതിനിടെ, മെഡിക്കല്‍ കോളേജില്‍ അച്ചാര്‍ വ്യാപാരം തുടങ്ങിയെങ്കിലും അവിടെയും ലോക്ഡൗണ്‍ കച്ചവടത്തിന് തടസമായി.
ഒടുവില്‍ കൈയില്‍ ഉണ്ടായിരുന്ന കുറച്ച് രൂപയും മുറുകെപ്പിടിച്ച് പുതിയതുറ കടപ്പുറത്തേക്ക്. ഒരു കുട്ട മീന്‍ വാങ്ങി രണ്ടും കല്‍പ്പിച്ച് കച്ചവടത്തിനിറങ്ങി. ആദ്യമൊക്കെ മീന്‍ വില്‍ക്കാന്‍ പോകുന്നതിന് എതിര്‍പ്പുമായി ബന്ധുക്കള്‍ രംഗത്തെത്തിയെങ്കിലും ഭർത്താവും മക്കളും പിന്തുണ നൽകി. ആദ്യമായി വാങ്ങി വിറ്റ മീനിന് ചെറിയൊരു ലാഭം കിട്ടി. പിറ്റേദിവസം കുറച്ച് കൂടുതൽ രൂപയ്ക്ക് മീനെടുത്തു, അതും വലിയ കുഴപ്പം ഇല്ലാതെ വിറ്റഴിച്ചു. തിരികെപ്പിടിക്കാമെന്നുറപ്പായി. അതൊരു നിയോഗമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഇപ്പോള്‍ ഞാന്‍ നന്നായി ജീവിക്കുന്നു, എന്റെ മക്കളെ നന്നായി പഠിപ്പിക്കുന്നു, ഭര്‍ത്താവിനെയും അമ്മയേയും നോക്കുന്നു.
രാവിലെ മകനുമൊത്ത് വിഴിഞ്ഞം, അടിമലത്തുറ, പുതിയതുറ എന്നിവിടങ്ങളില്‍ പോയാണ് മീന്‍ വാങ്ങുന്നത്. തിരുവന്തപുരത്തെ പെരിങ്ങമ്മലയിലാണ് മീന്‍ വില്‍ക്കാനിരിക്കുന്നതെങ്കിലും ഇടയ്ക്ക് സ്‌കൂട്ടറിലും മീന്‍ വില്‍ക്കാന്‍ പോകും. സ്ഥിരം കസ്റ്റമേഴ്സായി കുറച്ചുപേരുണ്ട് ബിന്ദുവിനിപ്പോൾ. ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവും, ബി.എസ്സി. നഴ്സിങ് വിദ്യാര്‍ഥിനി അഞ്ജലിയും ഐ.ടി.ഐ. വിദ്യാര്‍ഥി അശ്വിനും, അര്‍ബുദബാധിതയായ അമ്മയും അടങ്ങുന്നതാണ് ബിന്ദുവിന്റെ കുടുംബം.
കരഞ്ഞുകൊണ്ടിരുന്നാല്‍ ഒന്നും നേടാനാവില്ല പെണ്ണുങ്ങളെ, നിങ്ങള്‍ മുന്നിട്ടിറങ്ങൂ നമ്മള്‍ വിജയിക്കും എന്നത് മാത്രമാണ് ഉറപ്പുള്ളതെന്ന് ബിന്ദു പറയുന്നു. അമ്മ എന്തുജോലി ചെയ്താലും ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്ന് പറഞ്ഞ മക്കള്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും 44 കാരിയായ ബിന്ദു ഉറപ്പിക്കുന്നു. എനിക്ക് സാധിച്ചാല്‍ എല്ലാവര്‍ക്കുമാകും. വിഷമിക്കാതെ, മുന്നോട്ടിറങ്ങി പുതിയ തൊഴിലുകള്‍ കണ്ടെത്തൂ എന്ന് മാത്രമാണ് എല്ലാവരോടുമായി പറയാനുള്ളത്’- ബിന്ദു ഓര്‍മിപ്പിക്കുന്നു.