കേരളം
സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും വർധന
സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് മുപ്പത് പൈസയുമാണ് കൂട്ടിയത്. 20 ദിവസത്തിന് ഇടയിൽ ഇത് 11ാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 97.32 രൂപയായി. ഡീസലിന് 92.71 രൂപ. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 99.20 രൂപയിലേക്ക് എത്തി. ഡീസല്‍ വില 94.17 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അതേസമയം ഇന്ധനവില വർധനവിനെതിരെ പ്രതിഷേധ സമരവുമായി തൊഴിലാളി സംഘടനകളുടെ സംയുക്ത മുന്നണി. ജൂൺ 21ന് 15 മിനിറ്റു നേരം ചക്ര സ്തംഭന സമരം നടത്താനാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 11. 15 വരെ സംസ്ഥാനത്തിന്റെ നിരത്തുകൾ സ്തംഭിപ്പിക്കും. യാത്ര ചെയ്യുന്ന വാഹനങ്ങൾ 11 മണിക്കു എവിടെയാണോ നിൽക്കുന്നത് അവിടെ നിർത്തിയിടണം.
സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കേന്ദ്രത്തിന് എതിരായാണ് പ്രതിഷേധം. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. അതേസമയം സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷൻ ആനത്തലവട്ടം ആന്ദൻ പറഞ്ഞു.
അതേസമയം അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നതാണ് ഇന്ധന വില വര്‍ധിക്കാന്‍കാരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു. ഈ സമയത്ത് പെട്രോളും ഡീസലും വളരെ വിലയുള്ളതാവുമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം തങ്ങളല്ലെന്നും, അതിന് അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.