Covid 19
ബ്ലാക്ക് ഫംഗസ്; അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാനം
ബ്ലാക്ക് ഫംഗസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാനം.
രോഗം ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 19 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒരു മരണവും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് ബാധയെത്തുടര്‍ന്നു പൂര്‍ണമായി കാഴ്ചശക്തി നഷ്ടപ്പെട്ടു ചികിത്സതേടിയത് നാലു പേരാണ്. ഫംഗസ് ബാധ ഒഴിവാക്കാനായി ഇവരുടെ ഓരോ കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കി.
കേരളത്തില്‍ അഞ്ചു ജില്ലകളിലെ 13 പേര്‍ക്കുകൂടി റിപ്പോര്‍ട്ടുചെയ്തു. പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂര്‍, വഴിക്കടവ്, ചെറുവായൂര്‍, നിലമ്പൂര്‍ കരുളായി, എടരിക്കോട്, തിരൂര്‍ സ്വദേശികള്‍, കോഴിക്കോട് ജില്ലയിലെ പയ്യാനക്കല്‍, ഇരിങ്ങല്ലൂര്‍ സ്വദേശികള്‍, കോട്ടയം സ്വദേശികളായ മൂന്നുപേര്‍ക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.
അതേ സമയം രാജ്യത്ത് ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 126 പേര്‍ മരിച്ചതായാണ് കണക്കുകള്‍. മഹാരാഷ്ട്രയില്‍ മാത്രം 90 പേര്‍ മരിച്ചു. കൊവിഡ് ബാധിതരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി കണ്ടുവരുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതരുള്ളത് ഹരിയാനയിലാണ്. 14 പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ എട്ടുപേര്‍ മരിച്ചു.
ജാര്‍ഖണ്ഡില്‍ നാല് പേരും ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ രണ്ടുപേരും കേരളം ബിഹാര്‍, അസം, ഒഡീഷ, ഗോവ എന്നിവിടങ്ങളില്‍ ഓരോരുത്തരും ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും 1500 ലധികം പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ 700 പേര്‍ക്കും മധ്യപ്രദേശില്‍ 573 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയിലും ഡല്‍ഹിയിലും ഹരിയാനയിലും 200 ലധികമാണ് രോഗികള്‍. ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.