കേരളം
പ്രതിപക്ഷ നേതാവായി ചെന്നിത്തല തന്നെ തുടരാൻ സാധ്യത; പുതിയ പാക്കേജുമായി ഉമ്മൻ ചാണ്ടി
തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും സജീവ രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. പ്രതിപക്ഷ നേതാവായി ചെന്നിത്തലയെ പിന്തുണക്കാൻ എ ഗ്രൂപ്പ് കൂടി നിലപാട് എടുത്തതോടെ വി ഡി സതീശന്റെ പ്രതീക്ഷകൾ അവസാനിച്ചു.
ചെന്നിത്തല നേതാവാകണം എന്ന തീരുമാനം ഉമ്മൻചാണ്ടി എംഎൽഎമാരുമായി നടത്തിയ ചർച്ചയിൽ ആണ് ഉണ്ടായത്. എന്നാൽ സതീശനേയും സുധാകരനേയും പിന്തുണയ്ക്കുന്നവർക്ക് ചെന്നിത്തലയോട് കടുത്ത എതിർപ്പ് ഉയർത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പ് പ്രതിനിധികളായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും പിടി തോമസിന്റെയും പേര് ആദ്യ ഘട്ടത്തിൽ ഉയര്‍ന്ന് വന്നിരുന്നെങ്കിലും അന്തിമ പരിഗണനയിൽ ഇരുവരെയും ഒഴുവാക്കിയിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുകയാണെങ്കിൽ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സി ജോസഫിനെ കൊണ്ടുവരണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സിറ്റിംഗ് എം.എൽ.എമാരിൽ മത്സരിക്കാതിരുന്ന ഏക നേതാവായിരുന്നു കെ.സി ജോസഫ്. തന്‍റെ വിശ്വസ‌്‌തൻ കൂടിയായ ജോസഫിന് താക്കോൽ പദവി നൽകുക എന്നത് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം കൂടിയാണ്.കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ് വരട്ടെയെന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്‍റെ ആഗ്രഹം. അടൂർ പ്രകാശ് എ ഗ്രൂപ്പിനും സ്വീകാര്യനാണ്. മുല്ലപ്പളളി രാമചന്ദ്രൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറുമ്പോൾ അടൂർ പ്രകാശിനെ കൊണ്ടുവന്ന് സമുദായ സന്തുലനം പാലിക്കാമെന്നും അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നവർ പറയുന്നു.
അദ്ധ്യക്ഷ സ്ഥാനത്തേക്കുളള സുധാകരന്‍റെ വരവ് ഏത് വിധേയനേയും തടയുക എന്നതാണ് ഇരു ഗ്രൂപ്പുകളുടേയും ലക്ഷ്യം.അതേസമയം,പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാൻ എ ഗ്രൂപ്പ് എം.എൽ.എമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേർന്നു. ഏക സ്വരത്തിൽ എത്താതെയാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം അവസാനിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല തുടരട്ടെയെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ ചില യുവ എം.എൽ.എമാർ നേതൃപദവിയിൽ നിന്ന് ചെന്നിത്തല മാറണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.തന്‍റെ പേര് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർത്തികാട്ടാത്തതിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ യോഗത്തിൽ നീരസം പ്രകടിപ്പിച്ചു. ഗ്രൂപ്പിന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർത്തികാട്ടാൻ ഒരാൾ വേണമെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ ആവശ്യം. വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങാതെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാണ് ഉമ്മൻ ചാണ്ടി താത്പര്യപ്പെടുന്നത്. അതുകൊണ്ടാണ് ഒരു പാക്കേജ് തന്നെ അദ്ദേഹം മുന്നോട്ടുവച്ചത്.