കേരളം
പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത
ഇരുപതാം തീയതി നടക്കുന്ന പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത. 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, തലസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ നടക്കുന്നതിനിടെ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആളെണ്ണം കുറയ്ക്കാനുളള ആലോചന.
പരമാവധി ആളുകളെ ചുരുക്കും എന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പന്തലിന്‍റെ ജോലികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ, മഴ തുടരുകയാണെങ്കിൽ രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞ മാറ്റുന്നതിനെക്കുറിച്ചും പൊതുഭരണവകുപ്പ് ആലോചിക്കുന്നുണ്ട്. ഇരുപതിന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം 20-ന് സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാൽ 18- ഓട് കൂടിത്തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തിൽ വരെ ധാരണയാക്കി മുന്നോട്ട് പോകാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഉഭയകക്ഷി ചര്‍ച്ചകളും പുരോഗമിക്കുന്നു. മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാംഘട്ട ചർച്ചകൾ എകെജി സെന്ററിൽ നടക്കുകയാണ്. പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ എന്നിവര്‍ക്ക് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
നാല് മന്ത്രിമാര്‍ സിപിഐക്ക് എന്നാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഒരു എംഎൽഎ മാത്രമുള്ള അഞ്ച് ഘടകകക്ഷികൾ ഉള്ളതിനാൽ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം നൽകണം. ടേം അനുസരിച്ച് മന്ത്രിസ്ഥാനം പങ്കിടേണ്ടവര്‍ ആരൊക്കെ എന്ന കാര്യത്തിലും അന്തിമ തീരുമാനം വരാനിരിക്കുന്നതേ ഉള്ളു. അഞ്ച് എംഎൽഎമാരുള്ള കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നിലവിൽ ഒരു മന്ത്രിസ്ഥാനം നൽകാനാണ് ധാരണ. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോൺഗ്രസ് ആവശ്യം ആവര്‍ത്തിക്കുന്നുണ്ട്.