കേരളം
എസ്.എസ്.എല്‍.സി. ക്ലാസുകള്‍ ഓണ്‍ലൈനായി മേയില്‍ ആരംഭിക്കും
സംസ്ഥാനത്ത് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അടുത്തമാസം മുതല്‍ ഓണ്‍ലൈനായി ക്ലാസ് ആരംഭിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനുള്ള സജ്ജീകരണങ്ങള്‍ വിദ്യാഭ്യാസവകുപ്പ് ഒരുക്കുന്നത്. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകള്‍ തുടങ്ങുക.
കൊവിഡ് വ്യാപനത്തോത് വിലയിരുത്തിയാകും ഓണ്‍ലൈന്‍ ക്ലാസുകള്‍, സ്‌കൂള്‍ തുറക്കല്‍ എന്നിവ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. ഫലം വരുന്നതിനു മുന്‍പുതന്നെ പാഠപുസ്തകവിതരണമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കും.
വിതരണം ചെയ്യാനുള്ള പുസ്തകങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു അറിയിച്ചു. എട്ടാംക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോള്‍ സ്‌കൂളുകളില്‍ നടക്കുന്നുണ്ട്. ഈ മാസം പകുതിയോടെ വിതരണം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കും.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മേയില്‍ ആരംഭിക്കുന്ന സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.എഴുത്തുപരീക്ഷ മാറ്റിവെക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്നാണ് ആവശ്യം. ഇത്തവണ കടലാസും പേനയും ഉപയോഗിച്ചുള്ള പരീക്ഷയായിരിക്കുമെന്ന് രണ്ടു പരീക്ഷാ ബോര്‍ഡുകളും നേരത്തേ വ്യക്തമാക്കിയിരുന്നു.
പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള ട്വിറ്റര്‍ പ്രചാരണം തുടങ്ങിയത് വിദ്യാര്‍ഥികള്‍ തന്നെയാണ്. ഒരുലക്ഷത്തിലധികം പേര്‍ ഇതിനകം ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. കഴിഞ്ഞകൊല്ലം കുറച്ചു കോവിഡ് കേസുകള്‍ ഉള്ളപ്പോഴാണ് പരീക്ഷ മാറ്റിവെച്ചതെന്നും ഇപ്പോള്‍ രോഗവ്യാപനം വളരെ കൂടുതലായിട്ടും പരീക്ഷ നടത്തുന്നത് അപകടമാണെന്നുമാണ് ഒരുകൂട്ടം വിദ്യാര്‍ഥികളുടെ വാദം.