കേരളം
അദാനിയുമായുള്ള കരാർ മുഖ്യമന്ത്രിയുടെ അറിവോടെ; വിമർശനവുമായി ചെന്നിത്തല
അദാനി ഗ്രൂപ്പുമായുള്ള വൈദ്യുത കരാറിൽ അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയിൽ നിന്നും വൈദ്യുതി വാങ്ങാനുള്ള കരാർ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാരിനും ജനങ്ങൾക്കും മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതാണ് കരാർ. അദാനിക്ക് ജനങ്ങളുടെ പോക്കറ്റടിക്കാൻ അവസരം ഒരുക്കുകയാണ് സർക്കാർ.
1000 കോടിയുടെ ആനുകൂല്യമാണ് അദാനിക്ക് ലഭിക്കുന്നത്. പരസ്യമായി അദാനിയെ എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുകയാണ് സർക്കാർ. മുഖ്യമന്ത്രിയും വൈദ്യുത മന്ത്രിയും അറിഞ്ഞ് തന്നെയാണ് കരാറിൽ ഏർപ്പെട്ടത്. അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. 25 വർഷം അദാനിക്ക് കൊള്ളയടിക്കാൻ അവസരം നൽകിയിട്ട് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു.
പിണറായി-അദാനി കൂട്ടുകെട്ടാണ് വൈദ്യുതി കരാറിന് പിന്നിലുള്ളത്. ഗ്യാരന്റി ഉറപ്പ് വരുത്തണം എന്ന് കരാറിൽ ഉണ്ട്. ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും അദാനിയെ പിണറായി സഹായിക്കുന്നു. ഇതു കൊണ്ട് ദോഷമുണ്ടാകുന്നത് ഉപഭോക്താക്കൾക്കാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി പ്രതീക്ഷിച്ചത് തന്നെയാണ്. തന്റെ സമനില തെറ്റിയെന്ന എം എം മണിയുടെ പ്രതികരണം കാര്യമാക്കുന്നില്ല. എല്ലാ ആരോപണങ്ങളിലും ഇതാണ് മന്ത്രിമാർ പറയുന്നത്. എന്നാൽ ആരോപണം എല്ലാം വാസ്തവം എന്ന് തെളിഞ്ഞു.ചെന്നിത്തല പറഞ്ഞു.