കേരളം
സ്വപ്നയുടെ രഹസ്യമൊഴി പുറത്തു വന്ന സംഭവം; കസ്റ്റംസ് കമ്മീഷണർ ഇന്ന് മറുപടി നൽകും
ഡോളർക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തു വന്ന സംഭവത്തില്‍ കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് എജി നല്‍കിയ നോട്ടീസില്‍ കസ്റ്റംസ് കമ്മീഷണര്‍ ഇന്ന് മറുപടി നൽകും. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നോട്ടീസിലാണ് മറുപടി നല്‍കുക. സിപിഐഎം നേതാവും ബാംബു കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കെ.ജെ. ജേക്കബിന്റെ പരാതിയിലായിരുന്നു കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് എജി നോട്ടീസയച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി കസ്റ്റംസ് തയ്യാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മുഖ്യമന്ത്രിക്ക് യുഎഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവർക്കും ഇടയിൽ നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും സ്വപ്ന മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്ന് കസ്റ്റംസ് ഇതിൽ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രിക്കു പുറമേ നിയമസഭാ സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയിട്ടുള്ളതായും സ്വപ്നയുടെ മൊഴിയിലുണ്ട്. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ദുരുദ്ദേശ്യപരമായാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം തടസ്സപ്പെടുത്താനും സത്യസന്ധമായ വിചാരണ തടയാനുമാണ് ഈ നീക്കമെന്നും ആരോപിച്ച് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. കേസിന് പിന്നിൽ രാഷ്ട്രീയ , ഉദ്യോഗസ്ഥ ഗൂഢാലോചനയാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ഇഡി ആവശ്യപ്പെടുന്നു.