കേരളം
സ്വർണക്കടത്തിൽ സർക്കാരിന് അനുകൂലമായ നീക്കങ്ങൾക്ക് പിന്നിൽ സിപിഎം ബന്ധമുള്ള ചില പോലീസ് സംഘടനാ നേതാക്കൾ
സ്വർണക്കടത്തിൽ സർക്കാരിന് അനുകൂലമായ നീക്കങ്ങൾക്ക് പിന്നിൽ സിപിഎം ബന്ധമുള്ള ചില പോലീസ് സംഘടനാ നേതാക്കളുടെ ഇടപെടലെന്ന് ഉറപ്പിച്ച് ഇഡിയും കസ്റ്റംസും. കൊച്ചി കേന്ദ്രീകരിച്ച് അസോസിയേഷൻ സംസ്ഥാന നേതാക്കൾ ഇടപെട്ടതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സന്ദീപ് നായരെ സഹായിച്ച ഒരു അസോസിയേഷൻ നേതാവിന് ഇതിൽ പങ്കുണ്ടെന്നാണ് നിഗമനം.
ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ പേര് കൂടി പുറത്ത് വരാനുള്ള സാധ്യത മുന്നിൽക്കണ്ട് സംസ്ഥാന പോലീസിനെ ഉപയോഗിച്ച് അന്വഷണം അട്ടിമറിക്കാൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു. സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വന്ന സംഭവത്തിൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധുവിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ചത് ഇതിന് വേണ്ടിയാണെന്ന ആരോപണം ശക്തമാണ്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മുഖ്യമന്ത്രിക്ക് അനുകൂലമായ മൊഴി കൂടി പുറത്ത് വിട്ടത്. സിപിഎം ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ സുരക്ഷാച്ചുമതലയിൽ നിയമിച്ചത് ഗൂഡാലോചനയുടെ ഭാഗമായാണെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു.
സിപിഎം നിയന്ത്രണത്തിലുള്ള ചില സംഘടനാ നേതാക്കളുടെ ഇടപെടലാണ് ഇതിൽ നിർണായകമെന്ന് ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നുണ്ട്. പോലീസ് അസോസിയേഷനിൽ സുപ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ ബോധപൂർവ്വമാണ് സ്വപ്നയുടെ സുരക്ഷക്ക് നിയോഗിച്ചതെന്നാണ് കണ്ടെത്തൽ. ഇഡിക്കെതിരായ സന്ദീപിന്റെ പരാതിക്ക് പിന്നിലും ഒരു അസോസിയേഷൻ നേതാവിന്റെ പങ്ക് അന്വഷണ സംഘം സംശയിക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥൻ മുൻപും സന്ദീപിന് വേണ്ടി ഇടപെട്ടതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി നിയമപരമായി മുന്നോട്ട് പോകാനാണ് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്.