കേരളം
വൈദ്യുതി വിതരണക്കമ്പനികൾക്ക് ലൈസൻസ് വേണ്ടെന്ന് നിർദേശം; എതിർത്ത് കേരളം
വൈദ്യുതി ബില്ലിന്റെ കരടിൽ കേന്ദ്രം വീണ്ടും ഭേദഗതി വരുത്തി. വിതരണ മേഖലയിലെ സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടാനുള്ള വ്യവസ്ഥകളാണ് പുതുതായി ഉൾപ്പെടുത്തിയത്. ഏതു കമ്പനിക്കും ലൈസൻസില്ലാതെ വൈദ്യുതിവിതരണം ഏറ്റെടുക്കാമെന്നാണു നിർദേശം.
ലൈസൻസിനുപകരം വൈദ്യുതി റെഗുലേറ്ററി കമ്മിഷനിൽ രജിസ്റ്റർ ചെയ്താൽമതി. ഒന്നിലധികം സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖലകളിൽ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുമ്പാകെ രജിസ്റ്റർ ചെയ്യണം.
ഒരു പ്രദേശത്ത് ഒരേശൃംഖലയിൽനിന്നു വിതരണംചെയ്യാൻ വിവിധ കമ്പനികൾക്ക് അനുമതിയുണ്ടാവും. കമ്പനികൾക്ക് അവർ തിരഞ്ഞെടുത്ത സ്ഥലത്ത് താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യാം. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള കമ്പനികളെ തിരഞ്ഞെടുക്കാം.
റെഗുലേറ്ററി കമ്മിഷൻ ഇന്നത്തെപ്പോലെ യഥാർഥ വൈദ്യുതിനിരക്ക് നിശ്ചയിക്കേണ്ട. പകരം പരമാവധി നിരക്ക് നിശ്ചയിക്കും. അതിൽ താഴ്ത്തി വേണമെങ്കിലും കമ്പനികൾക്ക് വൈദ്യുതി നൽകാം.
എതിർത്ത് കേരളം
പുതിയ നിർദേശങ്ങളെ കേരളം എതിർത്തു. ലൈസൻസ് വേണ്ടെന്നുവെക്കുന്നത് വിതരണക്കമ്പനികൾക്കുമേൽ റെഗുലേറ്ററി കമ്മിഷനുള്ള നിയന്ത്രണങ്ങൾ ഇല്ലാതാക്കും. വൈദ്യുതി വിതരണംചെയ്യുന്ന കമ്പനികളെ തീരുമാനിക്കാനും അനുമതിനൽകാനും സംസ്ഥാനങ്ങൾക്ക് അധികാരമില്ലാത്ത നിർദേശങ്ങൾ ഫെഡറൽ തത്ത്വങ്ങൾക്ക് എതിരാണെന്ന് കേരളം ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങൾക്കുകൂടി അധികാരമുള്ള സംവിധാനം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. സംസ്ഥാനത്തിന് ഉചിതമെന്നു തോന്നുന്ന മേഖലയിൽ ഉചിതമായ സമയത്ത് മറ്റു കമ്പനികളെ ചുമതലപ്പെടുത്തണം. അത് വിജയമാണെന്നു തെളിഞ്ഞാൽമാത്രം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കാമെന്നതാണ് കേരളത്തിന്റെ നിലപാട്.
ഒരു മേഖലയിൽത്തന്നെ പല കമ്പനികൾ വരുന്നത് മത്സരമുണ്ടാക്കി വിതരണം കാര്യക്ഷമമാക്കുമെന്നാണ് കേന്ദ്രവാദം. എന്നാൽ, ഇത് അപകടമാണെന്നും കേരളം ചൂണ്ടിക്കാട്ടി. ഇപ്പോൾ ഉയർന്നനിരക്കിൽ വൈദ്യുതി നൽകുന്ന വിഭാഗങ്ങളിൽനിന്നുള്ള ലാഭമാണ് മറ്റ് ഉപഭോക്താക്കൾക്ക് വൈദ്യുതി ബോർഡ് സബ്സിഡിയായി നൽകുന്നത്.
സ്വകാര്യ കമ്പനികൾ രംഗത്തുവന്നാൽ അവർ വാണിജ്യം, വ്യവസായം പോലുള്ള ലാഭകരമായ മേഖലകൾ തിരഞ്ഞെടുക്കും. ഇത് മറ്റു വിഭാഗങ്ങൾക്ക് സബ്സിഡി നൽകുന്നതിൽ കുറവുണ്ടാക്കും. കമ്പനികളുടെ കൈയിൽ അധികമായി എന്തെങ്കിലുമുണ്ടെങ്കിൽ അത് സബ്സിഡി നൽകാനുള്ള ഫണ്ടിൽ നിക്ഷേപിക്കണമെന്നാണ് കരടിലെ വ്യവസ്ഥ. ഇത് കമ്പനികളുടെ ദാക്ഷിണ്യത്തിനു കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാക്കുമെന്നാണ് കേരളത്തിന്റെ വാദം.
ഒരുക്കം തിരക്കിട്ട്
സ്വകാര്യവത്കരണത്തിന് അനുകൂലമായ വൈദ്യുതി നിയമത്തിന്റെ കരട് പിൻവലിക്കണമെന്നത് കർഷക പ്രക്ഷോഭത്തിലെ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും ഭേദഗതിവരുത്തിയത്. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണു സൂചന.