കേരളം
മാസ്‌ക് ഉയര്‍ത്തി വെള്ളം കുടിക്കുന്ന മകൻ; സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫി പുരസ്‌കാരം ഈ അച്ഛന്
സ്കൂൾ വിദ്യാര്‍ഥിയായ അഭയദേവ് കളികഴിഞ്ഞ് വീട്ടില്‍ വന്ന് മുഖത്തെ മാസ്‌ക് ഉയര്‍ത്തി വെള്ളം കുടിക്കുന്ന ചിത്രം അച്ഛനായ പ്രസാദ് കാമറയില്‍ പകര്‍ത്തി. മാസ്‌കും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം വരച്ചുകാട്ടിയ ഈ ചിത്രത്തിനാണ് 2019 ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫി പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
‘കൊവിഡ് മാറ്റിയെഴുതിയ ജീവിതം’ എന്ന വിഷയത്തില്‍ നടത്തിയ മല്‍സരത്തില്‍ 709 പേരില്‍ നിന്നായി ലഭിച്ച 1725 ചിത്രങ്ങളില്‍നിന്നാണ് പ്രസാദിന്റെ ഫോട്ടോ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പ്രശസ്ത ഛായാഗ്രാഹകന്‍ മധു അമ്ബാട്ട് അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ആര്യനാട് പള്ളിവേട്ട സ്വദേശിയായ പ്രസാദ് കല്ലിയൂര്‍ വള്ളംകോട്ടെ വാടക വീട്ടിലാണ് താമസം. ബാലരാമപുരത്ത് അവിട്ടം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി എന്ന പേരില്‍ സ്റ്റുഡിയോ നടത്തിവരികയാണ് പ്രസാദ്. ഭാര്യയും രണ്ട് മക്കളുമടങ്ങിയതാണ് പ്രസാദിന്റെ കുടുംബം.
കൊവിഡ് കാലം പ്രസാദിന്റെ തൊഴിലിനെയും സാരമായി ബാധിച്ചു. വാടകവീട്ടിലെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും പ്രസാദിന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് അധികമാരുമറിഞ്ഞിരുന്നില്ല. നിനച്ചിരിക്കാതെയാണ് സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌കാരം പ്രസാദിനെ തേടിയെത്തിയത്. സ്വന്തമായി ഒരു വീട് എന്നതാണ് ഈ യുവാവിന്റെ സ്വപ്‌നം. ജീതപ്രാരാബ്ധങ്ങള്‍ക്കിടയിലും അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രസാദ്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചിരുന്നത്. എൻട്രികളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനമാണ് നൽകുന്നത്. കൂടാതെ ഓരോ ജേതാവിനും സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹനസമ്മാനം ആയി 2500 രൂപ വീതവും സാക്ഷ്യപത്രവും നൽകും.