കേരളം
പുൽപ്പള്ളി മേഖലയിൽ വേട്ടസംഘങ്ങൾ വിലസുന്നു; വിക്കലത്തുനിന്ന് മൂന്നംഗ മാൻവേട്ട സംഘം പിടിയിൽ
പുൽപ്പള്ളി മേഖലയിൽ വേട്ടസംഘങ്ങൾ വിലസുന്നു. കർണാടക വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കാട്ടിറച്ചി വിൽപനയുമുണ്ട്. കഴിഞ്ഞ ദിവസം ദാസനക്കര വിക്കലത്തുനിന്ന് മൂന്നംഗ മാൻവേട്ട സംഘത്തെ വനപാലകർ പിടികൂടിയിരുന്നു. കുന്ദമംഗലം ചെത്തുകടവ് സ്വദേശി രാജേഷ്, ഫാമിലെ ജോലിക്കാരായ വെള്ളൂർ ശ്രീകുമാർ (37), രതീഷ് (37) എന്നിവരാണ് പിടിയിലായത്.
വയലിൽ പുള്ളിമാനെ വെടിവച്ച് നീക്കംചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വനപാലകർ പിടികൂടിയത്. നാടൻതോക്ക്, വെടിയുണ്ടകൾ, സ്ഫോടക വസ്തുക്കൾ, ആയുധങ്ങൾ, വാഹനം എന്നിവ പിടിച്ചെടുത്തു.
വനമേഖലകളിൽ തോട്ടങ്ങളിലും മറ്റും പന്നിയും മാനും മയിലും അടക്കം വന്യജീവികൾ എത്താറുണ്ട്. വേട്ടസംഘങ്ങൾ അതിർത്തിപ്രദേശങ്ങളിൽ കെണിയൊരുക്കിയും മറ്റും വന്യജീവികളെ പിടികൂടുന്നുണ്ട്.
ഒരു മാസം മുമ്പ് കർണാടക വനത്തിൽനിന്ന് കൊളവള്ളിയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കടുവക്ക് കെണിയിൽപെട്ട് പരിക്കേറ്റിരുന്നു. അതിർത്തി മേഖലകളിൽ കള്ളത്തോക്ക് ഉപയോഗം സജീവമാണ്.