കേരളം
ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ജയിൽചാട്ടം; മണിക്കൂറുകള്‍ക്കകം തടവുപുള്ളിയെ കയ്യോടെ പൊക്കി കേരളപോലീസ്
ജയില്‍ ചാടിയ തടവുകാരന് മണിക്കൂറുകള്‍ക്കകം പിടിയിലായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരനാണ് ജയില്‍ അധികൃതരുടേയും പോലീസിന്റേയും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പിടിയിലായത്.
ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവന് ആയിരുന്നു രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ വിയ്യൂര്‍ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരിക്കുന്ന നിലയിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. പോലീസിനെ കണ്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ജയില്‍ മതില് കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസില്‍ സഹദേവനെ ജോലിക്കായി നിയോഗിച്ചിരുന്നു. തുടര്‍ന്ന് മെസിലെ മാലിന്യം നിക്ഷേപിക്കാന്‍ മാലിന്യക്കുഴിക്കടുത്തേക്ക് പോയ സഹദേവന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സ്ത്രീയെ അപമാനിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ജയിലില്‍ തടവുകാരനായി ഇയാള്‍ എത്തിയത്.