കേരളം
കൊട്ടിയൂര്‍ പീഡനം: ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടിയുള്ള പ്രതിയുടെ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി
കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പ്രതി റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീലില്‍, ഉപ ഹര്‍ജിയിലാണ് ജാമ്യം തേടിയത്. പെണ്‍കുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
അപ്പീലില്‍ പെണ്‍കുട്ടി കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിവാഹത്തിന് സഭാ അധികാരികളുടെ അനുമതിയുണ്ടെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു. മൂന്നു വയസു കഴിഞ്ഞ കുഞ്ഞിനെ മാതാവായ പെണ്‍കുട്ടി ഇതുവരെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും നാട്ടിലുള്ള പെണ്‍കുട്ടി വിവാഹത്തെക്കുറിച്ച് അറിവില്ലെന്നാണ് പറഞ്ഞതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിവാഹത്തിന് സഭയുടെ അനുമതി ഉണ്ടെന്ന് പ്രതി പറയുന്നുണ്ടങ്കിലും, രേഖകള്‍ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.
പെണ്‍കുട്ടിയേയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്ന് റോബിന്‍ വിചാരണക്കോടതിയെ അറിയിച്ചിരുന്നെങ്കിലും കുറ്റം ബലാല്‍സംഗമാണെന്ന് കണ്ടെത്തിയാണ് മാനന്തവാടി കോടതി റോബിന് 20 വര്‍ഷം തടവു വിധിച്ചത്. മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിന്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയില്‍ വൈദികനായിരുന്ന കാലത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് റോബി നെ കോടതി ശിക്ഷിച്ചത്.
.