ക്രൈം
കള്ളിൽ സ്പിരിറ്റ് കലർത്തി വിൽപ്പന, എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്തത് 588 ലിറ്റർ
![Screenshot 2024 03 27 155437](https://citizenkerala.com/wp-content/uploads/2024/03/Screenshot-2024-03-27-155437.jpg)
തൃശൂര്‍ എസ്.എൻ. പുരത്തെ ഷാപ്പില്‍ നിന്ന് 588 ലിറ്റർ സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടിച്ചെടുത്തു. സംഭവത്തില്‍ കള്ള് ഷാപ്പ് മാനേജറെ റിമാന്‍ഡ് ചെയ്തു. ഷാപ്പ് അടച്ചുപൂട്ടി.ശ്രീനാരായണപുരം സെന്‍ററിന് പടിഞ്ഞാറു ഭാഗത്തുള്ള പോഴങ്കാവ് ഷാപ്പില്‍ നിന്നാണ് 21 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ള് എക്‌സൈസ് സംഘം പരിശോധനയില്‍ പിടിച്ചെടുത്തത്.
ഷാപ്പ് ലൈസന്‍സിയായ ചാലക്കുടി മുരിങ്ങൂർ വടക്കുംമുറി പുത്തൻത്തറ വീട്ടിൽ സൈജു, ഷാപ്പ് മാനേജരായ ശ്രീനാരായണപുരം പനങ്ങാട് ചാണാശേരി വീട്ടിൽ സ്വദേശി റിജില്‍ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. സ്പിരിറ്റ് കലര്‍ന്ന കള്ള് പിടിച്ചെടുത്തതിനുശേഷം ഷാപ്പ് അടച്ചുപൂട്ടുകയായിരുന്നു.
ഷാപ്പ് ലൈസന്‍സ് ഉടമയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ രണ്ടാം പ്രതിയെ റിമാന്‍ഡ് ചെയ്തു. പാലക്കാട് നിന്നും കൊണ്ട് വരുന്ന കള്ളിൽ സ്പിരിറ്റ് കലർത്തിയാണ് ഷാപ്പിൽ വിൽക്കുന്നതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.