കേരളം
പോസ്റ്റ് ഓഫീസിൽ ഇനി സീറോ അക്കൗണ്ട് ബാലൻസ് തുറക്കാനാകില്ല
പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ഇതനുസരിച്ച് സീറോ അക്കൗണ്ട് ബാലന്‍സ് തുറക്കുന്നത് ചില പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.
നിലവില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
ഏപ്രില്‍ 9ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ബേസിക് സേവിങ് അക്കൗണ്ട് അല്ലെങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട്, സര്‍ക്കാരിന്റെ ഏതെങ്കിലും ക്ഷേമ പരിപാടികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രായപൂര്‍ത്തി ആകാത്തവരുടെ രക്ഷിതാക്കള്‍ക്കോ മാത്രമേ അക്കൗണ്ട് തുറക്കുവാന്‍ സാധിക്കൂ. ഈ വിഭാഗത്തില്‍ പെടുന്ന ആളുകള്‍ തുറക്കുന്ന അക്കൗണ്ടുകള്‍ ഇനി മുതല്‍ സീറോ ബാലന്‍സ് അക്കൗണ്ട് ആയിരിക്കും.
കൂടാതെ ഇനി മുതല്‍ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ പോസ്റ്റ് ഓഫീസില്‍ തുറക്കുവാനും സാധിക്കില്ല, പെൻഷൻ, സ്കോളർഷിപ്പ്, എൽപിജി സബ്സിഡി മുതലായ ഏതെങ്കിലും സർക്കാർ ആനുകൂല്യങ്ങൾ ഈ അക്കൗണ്ടിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യാം.