കാലാവസ്ഥ
കേരളത്തിൽ തെക്ക് മഴയും, വടക്ക് ഉയർന്ന താപനിലയും മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളിൽ മഴ മുന്നറിയിപ്പായും മറ്റുചില ജില്ലകളിൽ കനത്ത താപനിലയുടെ പേരിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പായി മഞ്ഞ അലർട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
അതേസമയം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കൊല്ലം ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാലാണ് മഞ്ഞ അലർട്ട്. ഏപ്രിൽ 12 മുതൽ 16 വരെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് ഉയർന്ന താപനില 38 വരെയും കണ്ണൂർ 37 ഡിഗ്രി വരെയും കൊല്ലം ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും (സാധാരണയേക്കാൾ 2-4 ഡിഗ്രി കൂടുതൽ) ഉയരാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഏപ്രിൽ 12 മുതൽ 16 വരെ ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം
കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 12 മുതൽ 13 വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ഏപ്രിൽ 12 മുതൽ 13 വരെ കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽ പറഞ്ഞ തീയതിയിൽ മുകളിൽ പരാമർശിക്കപ്പെട്ട പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
കേരള തീരത്ത് ഏപ്രിൽ 12 വെള്ളിയാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്റെ വേഗത സെക്കൻഡിൽ 20 മുതൽ 40 സെന്റീമീറ്ററിന് ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.