രാജ്യാന്തരം
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14.70 കോടി പിന്നിട്ടു, ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി എഴുപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ മുപ്പത്തിയൊന്ന് ലക്ഷം കടന്നു. പന്ത്രണ്ട് കോടിയിലധികം പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നര ലക്ഷത്തോട് അടുത്തു. രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ ഇന്നലെ അരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയേഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 5.85 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് 70,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി നാല്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 3.89 ലക്ഷമായി ഉയര്‍ന്നു.