രാജ്യാന്തരം
കൊവിഡ് വ്യാപനം; ലോകത്ത് 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം രോഗികൾ
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിമൂന്ന് കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 29.48 ലക്ഷം പേരാണ് മരിച്ചത്. നിലവില്‍ രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം പ്രതിദിന കൊവിഡ് കേസുകളില്‍ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ഇന്നലെ ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാൽ രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസില്‍ മൂന്ന് കോടി പത്തൊൻമ്പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.75 ലക്ഷം പേര് മരിച്ചു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിനാല് ലക്ഷം രോഗബാധിതരുണ്ട്. 3.53 ലക്ഷം പേര് മരിച്ചു.