രാജ്യാന്തരം
ലോകത്ത് 15.83 കോടി കൊവിഡ് ബാധിതര്‍, 12,000ത്തിലധികം മരണം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം 12,000ത്തിലധികം പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 32.95 ലക്ഷം കടന്നു. പതിമൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ വെള്ളിയാഴ്ച നാലായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 37 ലക്ഷം പേര്‍ ചികിത്സയിലുണ്ട്. രാജ്യത്തെ ആകെ കേസുകളുടെ 17.01 ശതമാനമാണിത്. ബ്രസീലില്‍ ഒരു കോടി അന്‍പത്തിയൊന്ന് ലക്ഷം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 4.21 ലക്ഷം പിന്നിട്ടു.
അമേരിക്ക,ഇന്ത്യ,ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. മൂന്ന് രാജ്യങ്ങളിലും ഒന്നര കോടിയിലധികം രോഗബാധിതരുണ്ട്. അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5.95 ലക്ഷം പേര്‍ മരിച്ചു.