രാജ്യാന്തരം
ലോകത്ത് ആകെ രോഗബാധിതർ 12.47 കോടി കടന്നു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12.47 കോടി കടന്നു. 124,775,686 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 2,745,146 പേർ ഇതുവരെ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 100,694,899 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 472,602 പേർക്കാണ് കൊവിഡ് ബാധിച്ചത്. 9,969 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവിൽ 21,335,641 പേർ വൈറസ് ബാധിതരായി ചികിത്സയിലുണ്ട്. ഇതിൽ 91,302 പേരുടെ നില അതീവ ഗുരുതരമാണ്. ആഗോള തലത്തിൽ 21 രാജ്യങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ ആളുകളെ കോവിഡ് ബാധിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ കേസുള്ള അമേരിക്കയിൽ 3,06,34,211 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 5.56 ലക്ഷമായി ഉയർന്നു. കൊവിഡിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാൽപതിനായിരത്തിലധികം പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.1.60 ലക്ഷം പേർ മരിച്ചു. മൂന്നര ലക്ഷത്തിലധികം പേരാണ് നിലവിൽ ഇന്ത്യയിൽ ചികിത്സയിലുള്ളത്.