രാജ്യാന്തരം
ലോകത്ത് 15.75 കോടി കൊവിഡ് ബാധിതർ; ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പുതിയ കേസുകൾ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 13,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 32.83 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്നര കോടിയോട് അടുത്തു.
പുതിയ കൊവിഡ് കേസുകളിൽ പകുതിയും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കഴിഞ്ഞ ദിവസം 4.14 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം മുപ്പത്തിയാറ് ലക്ഷം കടന്നു. വ്യാഴാഴ്ച 3,915 മരണവും റിപ്പോർട്ട് ചെയ്തു.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 5.94 ലക്ഷം പേർ മരിച്ചു. രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒന്നര കോടിയിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 4.19 ലക്ഷം പേർ മരിച്ചു. 1.36 കോടി പേർ രോഗമുക്തി നേടി.