കേരളം
യുവതിയുടെ ആത്മഹത്യ: ഭര്‍തൃപിതാവ് ഉപദ്രവിക്കുന്ന വിവരം ഭര്‍ത്താവിന് അറിയാമായിരുന്നുവെന്ന് ബന്ധു
മഞ്ചേരി പന്തല്ലൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി ബന്ധു. മരിച്ച തഹ്ദിലയെ ഭര്‍തൃ പിതാവ് നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും ഇക്കാര്യം വിദേശത്തുള്ള ഭര്‍ത്താവ് നിസാറിന് അറിയുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവ ദിവസം രാത്രി ഏഴു മണി വരെ തഹ്ദില സഹോദരിയെ വിളിച്ചിരുന്നു. ആ സമയത്ത് യുവതിക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
തഹ്ദിലയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഭര്‍തൃ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പന്തല്ലൂര്‍ കിഴക്കുപറമ്പ് സ്വദേശി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പാണ്ടിക്കാട് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയെ ഭര്‍ത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാറിന്റെ ബന്ധുക്കളാണ് മരണവിവരം തഹ്ദിലയുടെ സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പത്ത് വര്‍ഷം മുമ്പായിരുന്നു തഹ്ദിലയുടേയും നിസാറിന്റെയും വിവാഹം. രണ്ടു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാലു മക്കളാണ് തഹ്ദിലക്കുള്ളത്.