കേരളം
നടുറോഡിൽ കാട്ടാന പ്രസവിച്ചു; സംരക്ഷണമൊരുക്കി ആനകൾ
നടുറോഡിൽ കാട്ടാന പ്രസവിച്ചു. കണ്ണൂർ ആറളം ഫാമിന് സമീപം കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടിൽ നഴ്സറിയ്ക്ക് സമീപത്താണ് ആന പ്രസവിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂട്ടത്തിലുള്ള മറ്റ് ആനകൾ പ്രസവിച്ച ആനയ്ക്ക് സുരക്ഷയൊരുക്കി തമ്പടിച്ചതോടെ റോഡ് അടച്ചു.
പ്രസവത്തിനുശേഷം ആനയും കുഞ്ഞും മണിക്കൂറുകളോളം റോഡിൽ കഴിഞ്ഞിരുന്നു. പുലർച്ചെയാണ് കുഞ്ഞുമായി ആറളം ഫാമിനോട് ചേർന്ന കാട്ടിലേയ്ക്ക് മാറിയത്. ഇതിനിടെ കുറേയധികം കാട്ടാനകൾ എത്തി സംരക്ഷണമൊരുക്കുകയായിരുന്നു. പ്രസവിച്ച കാട്ടാനയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് വനംവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വനംവകുപ്പിന്റെ ആർ ടി സംഘവും രംഗത്തുണ്ട്.
അതേസമയം, കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് കാടുകടത്തപ്പെട്ട അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ആനയിപ്പോൾ കളക്കാട് മുണ്ടൻതുറെെ കടുവാ സങ്കേതത്തിലാണുള്ളത്. ആന ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോകൾ തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പങ്കുവച്ചിരുന്നു. ആനയെ നിരീക്ഷിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങൾ പകർത്തിയത്.