കേരളം
മരം മുറിക്കുന്നതിനിടെ കൊമ്പ് പൊട്ടി വീണു, കൈയ്യൊടിഞ്ഞ് 30 അടി ഉയരത്തിൽ യുവാവ് കുടുങ്ങി
ആലപ്പുഴയിൽ മുറിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണു കൈയൊടിഞ്ഞ് മരത്തിനു മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി താഴെയിറക്കി. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശി സനോജ് (32) ആണ് മരത്തിൽ കുടുങ്ങിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ തറമൂട് ജങ്ഷനു വടക്കുവശമാണ് സംഭവം.
റോഡരികിലെ കാറ്റാടിമരം വെട്ടിനീക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സനോജ്. 30 അടിയിലേറെ ഉയരമുള്ള കാറ്റാടിമരമാണ് സനോജ് വെട്ടിത്തുടങ്ങിയത്. ഏറ്റവും ഉയരത്തിലുള്ള കൊമ്പ് വെട്ടിയിറക്കുന്നതിനിടെ കൊമ്പുതെന്നി ഇടതുകൈയിൽ അടിക്കുകയായിരുന്നു. കൈ ഒടിഞ്ഞയുടൻ വേദനകൊണ്ടു പുളഞ്ഞ സനോജ് മരത്തിനു മുകളിലിരുന്നു നിലവിളിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തൃശ്ശൂർ അഞ്ചേരിയിൽ തേങ്ങാ ഇടുന്നതിനായി കയറിയ യുവാവും തെങ്ങിൽ കുടുങ്ങിയിരുന്നു. മിഷ്യൻ ഉപയോഗിച്ച് കയറുന്നതിനിടെയാണ് ആനന്ദ് എന്ന ചെറുപ്പക്കാരന് പിടിവിട്ടു പോയത്. പുത്തൂർ വീട്ടിൽ ജോസഫിന്റെ പുരയിടത്തിലായിരുന്നു സംഭവം. മെഷീൻ ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ട് തലകീഴായി തെങ്ങിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ അവിടെയും യുവാവിന് രക്ഷകരായി എത്തിയത് ഫയർ ഫോഴ്സ് സംഘമാണ്. 42 അടി ഉയരമുള്ള തെങ്ങിഷ നിന്നും സീനിയർ ഫയർആന്റെ റെസ്ക്യൂ ഓഫീസർ പികെ രഞ്ചിത്തിന്റെ നേത്യത്വത്തിലുള്ള സംഘമാണ് ആനന്ദിനെ രക്ഷപ്പെടുത്തിയത്.