Kerala
കേടായ അരവണ ടിന്നുകൾ എന്തു ചെയ്യും? ആശയക്കുഴപ്പത്തിൽ ദേവസ്വം ബോർഡ്, നഷ്ടം 6.65 കോടി രൂപ


6.65 ലക്ഷം ടിൻ അരവണയാണ് കേടായി ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇത് എങ്ങനെ നശിപ്പിക്കണമെന്നറിയാതെ വലയുകയാണ് തിരുവിതാംകൂർ ദേവസ്വംബോർഡ്. മണ്ഡല ഉത്സവത്തിനായി വ്യാഴാഴ്ച നടതുറക്കാനിരിക്കേ സർക്കാരും ബോർഡും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കേടായ ടിന്നുകൾ മാറ്റാതെ പുതിയവ സൂക്ഷിക്കാൻ ഇടവുമില്ല.
സുപ്രീംകോടതിവരെ എത്തിയ ഒന്നാണ് അരവണ വിവാദം. ശബരിമലയിൽ ഏലയ്ക്ക നൽകിക്കൊണ്ടിരുന്ന കരാറുകാരുടെ പോരാണ് സംഭവത്തെ സുപ്രീംകോടതിവരെ എത്തിച്ചത്. അരവണയിൽ ചേർത്ത ഏലയ്ക്കയിൽ കീടനാശിനിയുടെ അംശം അളവിൽക്കൂടുതലുണ്ട് എന്നായിരുന്നു പരാതി. ഇത് തെളിഞ്ഞതോടെ ഹൈക്കോടതി അരവണ വിൽപ്പന വിലക്കി. ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തുടർന്നു നടന്ന പരിശോധനയിൽ അരവണയിൽ കീടനാശിനിയുടെ അംശം അനുവദനീയ തോതിലേ ഉള്ളെന്ന് കണ്ടെത്തി. എന്നാൽ, നിയമനടപടികൾ പൂർത്തിയായി വന്നപ്പോഴേക്ക് അരവണ കേടായിപ്പോയി. പിന്നാലെ, രണ്ടാഴ്ച മുമ്പ് ഈ അരവണ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി.
അരവണ കേടായ വകയിൽ 6.65 കോടി രൂപയാണ് ദേവസ്വം ബോർഡിന് നഷ്ടമുണ്ടായത്. അരവണ ശബരിമല വനത്തിൽ നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് വനം, പരിസ്ഥിതി വകുപ്പുകൾ നിലപാടെടുത്തു. വനത്തിൽ ഇവ ഉപേക്ഷിക്കുന്നത് മൃഗശല്യം കൂട്ടുകയും പരിസ്ഥിതിപ്രശ്നം ഉണ്ടാക്കുകയും ചെയ്തു. സന്നിധാനത്തുനിന്ന് പുറത്തെത്തിച്ച് എവിടെയെങ്കിലും അരവണ ഒഴുക്കി ടിന്നുകൾ റീസൈക്കിൾ ചെയ്യുന്നത് ശ്രമകരമാണെന്ന് ദേവസ്വം ബോർഡും പറയുന്നു.
പരിഹാരം തേടി ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സർക്കാർച്ചെലവിൽ അരവണ നശിപ്പിക്കണമെന്നും കോടതിയിൽപ്പോയ കരാറുകാരനിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നുമാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. മാളികപ്പുറത്ത് പഴയ അന്നദാനമണ്ഡപത്തിടുത്ത് സൂക്ഷിച്ചിരിക്കുകയാണ് കേടായ അരവണ ഇപ്പോൾ. പുതിയത് പലയിടത്തായി ശേഖരിക്കുകയാണ്. ദിവസവും രണ്ടുലക്ഷം ടിൻവരെ അരവണ തയ്യാറാക്കാവുന്ന പ്ലാന്റാണ് സന്നിധാനത്തുള്ളത്. ഇപ്പോൾ അതിന്റെ പകുതിയിലേറെ മാത്രമാണ് നിർമിക്കുന്നത്.