രാജ്യാന്തരം
ഇന്ന് അന്താരാഷ്ട്ര യോഗാദിനം; നരേന്ദ്രമോദി യുഎൻ ആസ്ഥാനത്ത് പരിപാടിക്ക് നേതൃത്വം നൽകും
അന്താരാഷ്ട്ര യോഗാദിനം ഇന്ന്. യോഗാദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകും. ഇന്ത്യയിൽ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ യോഗാദിനാചരണ പരിപാടികൾ നടത്തും.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ മോദിക്ക് വൻ സ്വീകരണം നൽകി. ന്യൂയോർക്കിലെ ആൻഡ്രൂസ് എയർഫോഴ്സ് ബേസിൽ പത്തരയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇന്ത്യൻ സമൂഹം വൻ സ്വീകരണം നൽകിയാണ് വരവേറ്റത്. 24 വരെയാണു സന്ദർശനം. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈകീട്ട് സ്വകാര്യ വിരുന്ന് നൽകി മോദിയുമായി സൗഹൃദം പങ്കിടും. നാളെ വൈറ്റ്ഹൗസിൽ വൻ വരവേൽപ്പുണ്ട്. ഓവൽ ഓഫിസിൽ പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തും.
കോടിക്കണക്കിന് കുടുംബങ്ങൾ വസുധൈവ കുടുംബകം എന്ന സന്ദേശം ഉയർത്തി യോഗ ചെയ്യുന്നുവെന്ന് യോഗാദിന സന്ദേശത്തിൽ മോദി പറഞ്ഞു. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് യോഗ. ലോകം ഒരു കുടുംബം എന്ന ആശയത്തിൻ്റെ ഭാഗമാണ് യോഗ എന്നും മോദി പറഞ്ഞു. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ദില്ലി എയിംസിൽ യോഗക്ക് നേതൃത്വം നൽകുകയാണ്.
കൊച്ചി നാവിക ആസ്ഥാനത്ത് അതിഥിയായി കേന്ദ്രപ്രതിരോധ മന്ത്രി അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ പൊലീസ് ഉദ്യോഗസ്ഥർ യോഗാ ദിന ചടങ്ങിൽ പങ്കെടുക്കും. ഡിജിപി മുഖ്യാത്ഥിതയാണ്.
ജിമ്മി ജോർഡ്ഡ് സ്റ്റേഡിയത്തിലെ പരിപാടിയിൽ മുഖ്യമന്ത്രിയും സെൻട്രൽ സ്റ്റേഡിയത്തിലെ പരിപാടിയിൽ മന്ത്രി വീണ ജോർജ്ജും പങ്കെടുക്കും. രാജ്ഭവനിലും യോഗാദിന പ്രത്യേക പരിപാടി നടക്കും. കവടിയാർ ഉദയ് പാലസിൽ ബിജെപി സംഘടിപ്പിക്കുന്ന യോഗാഭ്യാസത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേതൃത്വം നൽകും.